
തിരുവനന്തപുരം: 2024 ജൂലൈയിൽ തിരുവനന്തപുരത്തെ നടുക്കിയ ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഇത് സംബന്ധിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈകാരികമായി. സ്വന്തമായി ഒരു വീടെന്ന ആ അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇന്ന് ഏറ്റവും സന്തോഷകരമായ ചടങ്ങാണ് നടക്കുന്നതെന്ന് മേയർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
"2024 ജൂലൈ 13 എന്ന ദിനം എൻ്റെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒഴുക്കിൽപ്പെട്ട റെയിൽവേ കരാർ തൊഴിലാളിയായ ജോയിയുടെ ജീവൻ രക്ഷിക്കുവാനായി സർക്കാരിൻ്റെയും നഗരസഭയുടെയും മുഴുവൻ സംവിധാനങ്ങളും മുന്നിൽനിന്ന് പ്രവർത്തിച്ചു. എന്നാൽ, ദൗർഭാഗ്യവശാൽ ജോയിയെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല."
"ആ ദുരന്ത സമയത്ത്, ജോയിയുടെ അമ്മയെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനം കൈക്കൊള്ളാനാണ് തീരുമാനിച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജോയിയുടെ അമ്മയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി 2025 മാർച്ച് 26 ന് തറക്കല്ലിട്ടു."
"നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി, ഇന്ന് ജോയിയുടെ അമ്മയ്ക്ക് വീടിൻ്റെ താക്കോൽ കൈമാറുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ, ഏറ്റവും സന്തോഷകരമായ ചടങ്ങാണ് ഇന്ന് നടക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുമ്പോൾ ആ അമ്മയുടെ സന്തോഷത്തിനൊപ്പം ഞാനും പങ്കുചേരുകയാണ്. ഈ പ്രവർത്തനത്തിൻ്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നു..."
ആമയിഴഞ്ചാൻ തോട് ദുരന്തം
2024 ജൂലൈ 13-നാണ് തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച ദുരന്തം ആമയിഴഞ്ചാൻ തോട്ടിൽ നടന്നത്. റെയിൽവേയുടെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിൽ ജോയി എന്ന കരാർ തൊഴിലാളി ഒലിച്ചുപോവുകയായിരുന്നു. ജോയിയെ കണ്ടെത്താനായി മണിക്കൂറുകൾ ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിപുലമായ തിരച്ചിൽ നടത്തി. തോടിൻ്റെ വിവിധ ഭാഗങ്ങളിലും കായലിലുമായി നടത്തിയ തിരച്ചിലിനൊടുവിൽ, ദൗർഭാഗ്യവശാൽ അദ്ദേഹത്തിൻ്റെ മൃതദേഹമാണ് കണ്ടെത്താനായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുന്ന തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്ന ജോലിക്കിടെയായിരുന്നു ജോയിയുടെ ദാരുണാന്ത്യം. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അതിജീവന സഹായം എന്ന നിലയിലാണ് ജോയിയുടെ അമ്മയ്ക്ക് ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭ വീട് നിർമ്മിച്ചു നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam