
ആലപ്പുഴ: വിവാഹ മണ്ഡപത്തില്‍ നിന്ന് പത്താം തരം തുല്യതാ പരീക്ഷ എഴുതാനെത്തി നെഹ്റു ട്രോഫി വാർഡ് ജിജി ഭവനത്തിലെ കെ ജിജിമോൾ. ബുധനാഴ്ച രാവിലെ വീട്ടിൽ വച്ചായിരുന്നു ജിജിയുടെയും മുഹമ്മ പഞ്ചായത്ത് മുണ്ടുപറമ്പിലെ സുനിൽ കുമാറിന്റെയും വിവാഹം. സുനിലിന് കൊവിഡ് ബാധിച്ചതിനാൽ പെങ്ങൾ എത്തി ചടങ്ങുകൾ നടത്തിയതിന് ശേഷമാണ് ജിജി പരീക്ഷയ്ക്കായി എത്തിയത്.
കല്യാണ പന്തലിൽ നിന്ന് പരീക്ഷാ ഹാളിലെത്തിയത് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും കൗതുകമുയർത്തി. ജിജിക്ക് ആശംസകൾ നേരുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ റിയാസ്, എം വി പ്രിയ ടീച്ചർ തുടങ്ങിയവരും എത്തി.
പത്താം ക്ലാസ്സ് പഠനം പാതി വഴിയിൽ അവസാനിപ്പിച്ചെങ്കിലും ഒരു ജോലി വേണമെന്ന ആഗ്രഹമാണ് അംഗ പരിമിതയായ ജിജിക്ക് മുടങ്ങിയ പഠനം പൂർത്തീകരിക്കാൻ പ്രേരണയായത്. എല്ലാവരും തുടർ വിദ്യാഭ്യാസം നടത്തണമെന്ന് ജിജി പറഞ്ഞു. തുല്യത പരീക്ഷയുടെ ഭാഗമായുള്ള ഫിസിക്സ് പരീക്ഷയായിരുന്നു ബുധനാഴ്ച നടന്നത്. ഇനി നാലു പരീക്ഷകൾ കൂടി പൂർത്തിയാകാനുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam