
മാനന്തവാടി: കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസില്‍ പിടിയിൽ. മാനന്തവാടി അമ്പുകുത്തി കല്ലിയോട്ടുക്കുന്ന് ആലക്കല്‍ വീട്ടില്‍ റഫീഖ് (39) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ കല്ലിയോട്ടുക്കുന്നില്‍ നാട്ടുകാരുടെ പിടിയിലകപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് റഫീഖ് അറസ്റ്റ് ചെയ്തത്.
അതേ സമയം, കല്ലിയോട്ടുക്കുന്നിലെ കടയില്‍ നിന്ന് 460 രൂപയും സിഗരറ്റും മോഷ്ടിച്ചെന്നതിനാണ് റഫീഖ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി എസ് ഐ കെ കെ സോബിനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച യുവാവും നാട്ടുകാരുടെ പിടിയിലായിരുന്നു. തകഴി വില്ലേജിൽ തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പു (19) വിനെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്ക് ഏറ്റുമാനൂരിലും പുനലൂരിലും എടിഎം കവർച്ചാ ശ്രമത്തിന് കേസുകൾ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ഇതിനിടെ കൊച്ചിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരു യുവാവ് കൂടി പിടിയിലായിരുന്നു. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനെയാണ് ഞാറയ്ക്കൽ പൊലീസ് കാട്ടൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇകഴിഞ്ഞ 12ന് ഉച്ചയ്ക്ക് മുരിക്കുംപാടത്തു വെച്ച് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന യമഹ ഫാസിനോ സ്കൂട്ടർ മോഷ്ടിച്ച കേസിൽ, രണ്ടാം പ്രതിയാണ് പിടിയിലായ നിധിൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..