
കോഴിക്കോട്: മഴക്കാലം അടുക്കുമ്പോൾ നഗരവാസികളെ ആശങ്കയിലാഴ്ത്തി കോഴിക്കോട് കല്ലായിപ്പുഴയിലെ ചെളി നീക്കൽ അനന്തമായി നീളുന്നു. അധിക തുകയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതോടെ ചെളി നീക്കാനുള്ള കോർപറേഷൻ പദ്ധതി അനിശ്ചിതത്വത്തിലാണ്. കെട്ടിക്കിടക്കുന്ന ചെളിയിൽ ബോട്ടിറക്കാനാകാതെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്.
കല്ലായിപ്പുഴ കടലിനോട് ചേരുന്ന കോതിപ്പാലത്തിന് താഴെ ഭാഗത്ത് മീൻപിടുത്തക്കാർക്ക് വള്ളമിറക്കാൻ പോലും പറ്റാത്ത വിധത്തിൽ തുരുത്തായി പൊങ്ങിക്കിടക്കുകയാണ് ചെളി. ഇത് നീക്കി ആഴം കൂട്ടാനുള്ള കോർപറേഷൻ പദ്ധതിക്ക് 12 കൊല്ലത്തെ പഴക്കമുണ്ട്. കടുപ്പിനി ഭാഗത്തെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാൻ അവസാനം തയ്യാറാക്കിയ 7.9 കോടിയുടെ പദ്ധതി, ടെൻഡറിൽ വിളിച്ച അധിക തുകയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതോടെ സ്തംഭിച്ചു. വരും മഴയ്ക്ക് മുന്നേ നീക്കിയില്ലെങ്കിൽ നഗരത്തെ വെള്ളത്തിലാഴ്ത്താനുള്ള ശേഷിയുണ്ട് കല്ലായിയിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന ചെളിയ്ക്ക്
വേനലിൽ വെള്ളം വറ്റിതോടെ വള്ളമിറക്കേണ്ടിടത്ത് ചെളിയാണ്. മീൻ പിടിക്കാൻ പോകാനാകാത്ത സാഹചര്യമാണ്. ശ്രമിച്ചവർക്കൊക്കെ എഞ്ചിൻ കേടായ അനുഭവം. ഇതോടെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. 2011 ൽ 4.9 കോടിയുടെ പദ്ധതി. പണമുണ്ടായിട്ടും അന്നത് നടന്നില്ല. പിന്നീടും പല കാരണങ്ങളിൽ മുടങ്ങിയതിൽ അവസാനം ടെൻഡർ തുക 9.81 കോടിയിലെത്തി നിൽക്കുകയാണ്. സർക്കാർ അതുമതി നിഷേധിച്ച സാഹചര്യത്തിൽ വീണ്ടും ടെൻഡർ വിളിച്ചാൽ അതിനിയുമുയരാം. ചെളി പുഴയിലെ ഒഴുക്ക് തടഞ്ഞ് നഗരത്തെ വെള്ളത്തിലാഴ്ത്തിയതോടെയായിരുന്നു കോർപറേഷൻ വൃത്തിയാക്കൽ പദ്ധതിയുമായിറങ്ങിയത്. മഴക്കാലം അടുത്തെത്തി നിൽക്കുമ്പോൾ ഈ മഴയ്ക്ക് മുൻപേ അത് നടപ്പാക്കാമെന്ന കാര്യത്തിൽ യാതൊരുറപ്പും കോർപറേഷനില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam