
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. എന്നാൽ ലോറി മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും, ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് ഇതേ സമയം എതിർവശത്തെ ട്രാക്കിൽ സഞ്ചരിച്ചത്.
ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കെഎസ്ആർടിസി ബസിൻ്റെ മുൻവശം കണ്ടെയ്നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരതരമല്ല.
റോഡിലേക്ക് മറിഞ്ഞ കണ്ടൈനര്‍ നീക്കം ചെയ്യാന്‍ മണിക്കൂറുകളെടുത്തു. സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി 19 പേരുടെ ജീവനെടുത്ത അപകടത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് കഞ്ചിക്കോട്ട് സമാന രീതിയിലുള്ള അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam