
കട്ടപ്പന: കാഞ്ചിയാര്‍ വെങ്ങാലൂര്‍കടയില്‍ പുലിയെ കണ്ടതായി നാട്ടുകാരൻ. വെള്ളിയാഴ്ച രാത്രിയില്‍ ഏലത്തോട്ടത്തിലാണ് പുലിയുടെ രൂപ സാദൃശ്യമുള്ള ജീവിയെ സ്ഥലമുടമ നേരിട്ട് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വെങ്ങാലൂര്‍കട സ്വദേശി കടമ്പനാട്ട് ശശിധരനാണ് പുലിയെ കണ്ടതായി പറയുന്നത്. സമീപത്തെ കടയില്‍ പോയി തിരികെ വീട്ടിലേക്ക് പോകും വഴി ഏലത്തോട്ടത്തിലാണ് വലിപ്പമുള്ള ജീവിയെ കണ്ടതെന്നും ശശിധരന്‍ വ്യക്തമാക്കി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാത്രി തന്നെ വനംവകുപ്പും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും വ്യക്തമല്ല. സ്ഥലമുടമ കണ്ടത് പൂച്ച പുലിയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലബ്ബക്കടയിലും പുലിയുടെ സാന്നിധ്യമുണ്ടായതായി സൂചനയുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ അറിയിച്ചു.
അതേസമയം, ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയായ ചക്കക്കൊമ്പന്‍ ഇറങ്ങി. കഴിഞ്ഞ രാത്രിയില്‍ സിങ്കുകണ്ടത്ത് എത്തിയ ആന പുലര്‍ച്ചെ വരെ ജനവാസ മേഖലയില്‍ തുടര്‍ന്നു. മേഖലയിലെ കൃഷിയിടങ്ങള്‍ക്ക് നാശം വിതച്ചു. സിങ്കുകണ്ടത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകളും തകര്‍ത്തു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമീപ മേഖലയായ ബിഎല്‍ റാമില്‍ കാട്ടാന കൂട്ടങ്ങള്‍ പതിവായി നാശം വിതച്ചിരുന്നു.
മൂന്നാറിലെ പോലെ ചിന്നക്കനാലിലും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നാറില്‍ പടയപ്പയെ സ്ഥിരമായി നിരീക്ഷിക്കാന്‍ വനം വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാന രീതിയില്‍ ചിന്നക്കനാലിലും നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മോസ്കോ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 93ായി, 11 പേർ അറസ്റ്റിലായതായി റിപ്പോർട്ട്