കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Published : Apr 29, 2022, 03:26 PM IST
കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Synopsis

സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി

പത്തനംതിട്ട: കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയിൽ സന്തോഷിൻ്റെ ഭാര്യ ശാന്ത (39) ആണ് പെൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാട്ടിൽ കുടിൽകെട്ടി ആണ് ശാന്തയും കുടുംബവും കഴിയുന്നത്. 

ശാന്തക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പം ഉള്ളവർ വിവരം ആശാ പ്രവർത്തകയെ അറിയിച്ചു. ഇവർ ഉടനെ വിവരം വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അന്നാമ്മ എബ്രഹാമിനെ അറിയിച്ചു. അന്നമ്മയാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് സുജിത്ത് എം.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ്. എ എന്നിവർ ഉടനെ സ്ഥലത്തേക്ക് തിരിച്ചു.  എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ശാന്ത കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. കാടിനുള്ളിലൂടെ  വളരെ ബുദ്ധിമുട്ടിയാണ് സംഘം ശാന്തയുടെ അടുത്ത് എത്തിയത്. 

സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി. ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് സുജിത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി