കടുവ സാന്നിധ്യം; കക്കയം വനത്തില്‍ ഡാം സെറ്റ് റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച്‌ വനം വകുപ്പ്

Published : Apr 29, 2022, 02:29 PM ISTUpdated : Apr 29, 2022, 02:38 PM IST
കടുവ സാന്നിധ്യം; കക്കയം വനത്തില്‍ ഡാം സെറ്റ് റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച്‌ വനം വകുപ്പ്

Synopsis

കക്കയം വനമേഖലയില്‍ കടുവയുടെ സാന്നിധ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും കടുവ കക്കയം വനത്തിലുണ്ടെന്നാണ് കരുതുന്നത്. 

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വനം വകുപ്പ്. മലബാര്‍ വന്യജീവി സങ്കേതത്തില്‍പെട്ട കക്കയം വനത്തില്‍ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. 'വന്യമൃഗങ്ങള്‍ കടന്നുപോകാനിടയുള്ള മേഖല, പതുക്കെ പോവുക എന്ന മുന്നറിയിപ്പ് ബോര്‍ഡിലാണ് കടുവയുടെ ചിത്രം വച്ചിട്ടുള്ളത്.

കക്കയം വനമേഖലയില്‍ കടുവയുടെ സാന്നിധ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും കടുവ കക്കയം വനത്തിലുണ്ടെന്നാണ് കരുതുന്നത്. ആന, കാട്ടുപോത്ത്, മാന്‍, മ്ലാവ് തുടങ്ങി മറ്റ് വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ യഥേഷ്ടമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഡാം സെറ്റിനടുത്ത വാള്‍വ് ഹൗസിനടുത്ത് ജീവനക്കാര്‍, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചിരുന്നെങ്കിലും വനത്തില്‍ തന്നെയായിരുന്നതിനാല്‍ ഏറെ ഒച്ചപ്പാടും ബഹളവുമുണ്ടായില്ല. കഴിഞ്ഞ 18ന് കക്കയം വനമേഖലയുടെ അതിര്‍ത്തി പ്രദേശമായ തലയാട് ചേമ്പുകര പുല്ലുമലയില്‍ പ്രദേശവാസിയായ ജോസില്‍ പി. ജോണ്‍ റബര്‍ തോട്ടത്തില്‍ കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്.

ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തുകയുണ്ടായി. വനം വകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ എടുത്തുമാറ്റുകയും ചെയ്തു. കാമറയില്‍ കാട്ടുപന്നി മാത്രമാണ് പതിഞ്ഞിട്ടുള്ളത്. 22ന് തലയാട് പടിക്കല്‍വയല്‍ തുവ്വക്കടവ് പാലത്തിനടുത്ത് സഹദും രാത്രി കടുവയെ കണ്ടതായി അറിയിച്ചു. പിറ്റേന്നുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും കല്പാടുകള്‍ ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താനായില്ല.

കടുവയുടെ സാന്നിധ്യമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണിപ്പോള്‍ നാട്ടുകാര്‍. കക്കയം വനമേഖലയോടുചേര്‍ന്ന ചെമ്പുകര, തലയാട്, പേര്യമല, ചീടിക്കുഴി ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആടുമാടുകളെയും കോഴി, താറാവ്‌ എന്നിവയെയും വളര്‍ത്തിയാണ് ഉപജീവിനമാര്‍ഗം കണ്ടെത്തുന്നത്. കടുവയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ കന്നുകാലികളെ മേയ്ക്കാനോ മറ്റു വളര്‍ത്തു മൃഗങ്ങളെ അഴിച്ചുവീടാനോ നാട്ടുകാർ ഭയപ്പെടുകയാണ്. ശാസ്ത്രീയ പരിശോധന നടത്തി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ