
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഭക്തരെ വരവേൽക്കാൻ ഒറ്റച്ചിലമ്പുമായി നിൽക്കുന്ന കണ്ണകിയുടെ ശിൽപം ഒരുങ്ങുന്നു. ക്ഷേത്രസന്നിധിയിലേക്കെത്തുന്ന റോഡിന് മധ്യത്തിലായാണ് ദേവിയുടെ 70 അടിയോളം ഉയരത്തിലുള്ള ശിൽപം തയാറാക്കുന്നത്. ദേവീ ചരിതം വർണിക്കുന്ന അനുബന്ധ സൗകര്യങ്ങൾ ഉൾപ്പടെ 85 അടി ഉയരത്തിലാണ് നിർമാണം. തിരുവനന്തപുരം ആഴിമല ശിവക്ഷേത്ര സന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമ്മിച്ച ദേവദത്തനാണ് കണ്ണകി ശില്പവും ഒരുക്കുന്നത്. ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ ശില്പം ആറ് മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശിൽപി ദേവദത്തൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു ശേഷം കോൺക്രീറ്റിൽ ശില്പ നിർമ്മാണം ആരംഭിക്കും. നാല് കോടിയോളം രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശില്പം നിർമ്മിക്കുന്നത്. മെറ്റൽ സ്ട്രെച്ചറിങ് സാങ്കേതിക വിദ്യയിലാണ് ശിൽപം തയാറാക്കുന്നത്. ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ രൂപം മനോഹാര്യതയോടെ അവതരിപ്പിക്കാനാണ് ശ്രമം.ഇത് കൂടാതെ ആന്ധ്ര സർക്കാരിന്റെ ഒരു പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുന്നു. അടുത്തത് ചത്തീസ്ഗഢിൽ ഒരു 200 അടി ഉയരമുള്ള അർധനാരീശ്വര പ്രതിമയാണ്. ഇതാണ് ഏറ്റവും വലിയ പ്രോജക്റ്റ്.75 കോടിയോളം ചെലവ് വരുന്ന പദ്ധതിയാണ് അവിടെ പൂർത്തിയാക്കുന്നത്.അടുത്ത വർഷത്തെ പൊങ്കാലയ്ക്ക് കണ്ണകി ദേവിയെ കണ്ട് ക്ഷേത്രത്തിലേക്ക് പോകാമെന്നും ദേവദത്തൻപറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam