പോക്സോ കേസ് പ്രതിക്ക് ആറു വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി.
പത്തനംതിട്ട: വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ആറു വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കർണാടക കോളാർ മാരിക്കപ്പം ബംഗാരപ്പേട്ട സ്വദേശി പാർത്ഥസാരഥി (48) യെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
2025 ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ അതിജീവിതയുടെ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരാൻ വന്ന പ്രതിക്ക് വെള്ളം കോരി നൽകിയ അതിജീവിതയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസിൽ സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.


