
കണ്ണൂര്‍: ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന്റെ കമന്റുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ച് കൊണ്ടാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. ജയിനിന്റെ പേരെടുത്തു പറയാതെയാണ് ഡിവൈഎഫ്‌ഐ വിമര്‍ശനം.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ''സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില്‍ ഡിവൈഎഫ്ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തി കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പ് തന്നെ ഡിവൈഎഫ്‌ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.'' ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ പറഞ്ഞു.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില്‍ ഐഡികള്‍ നിര്‍മിച്ചും ഡിവൈഎഫ്‌ഐയെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചത് കിരണ്‍ പാനൂരിന്റെ തെറിവിളി കമന്റായിരുന്നു. സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ കിരണ്‍ ഒരു വര്‍ഷം മുന്‍പ് ഒരു പോസ്റ്റിനു താഴെ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജയിനിന്റെ പോസ്റ്റ്. പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജയിന്‍ പോസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അജ്മലിനൊപ്പം കിരണ്‍ 30 കിലോ മീറ്റര്‍ അകലെ എത്തി ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ജാമ്യമില്ല, ചന്ദ്രബാബു നായിഡു ജയിലിലേക്ക്; ഹൈക്കോടതിയെ സമീപിക്കാന്‍ ടിഡിപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam