'തോക്ക് ഉപയോഗിക്കാം'; ബിജെപി കൗൺസിലറെ പിടിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തത് അപൂർവ്വ നടപടി, നിയമം പറയുന്നത് ഇങ്ങനെ

Published : Jun 10, 2026, 09:42 AM IST
Sugathan arrest

Synopsis

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ തോക്ക് അല്ലെങ്കിൽ സർവീസ് റിവോൾവർ ഉപയോഗിക്കാൻ പൊലീസിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. സ്വന്തം ജീവനോ മറ്റൊരാളുടെ ജീവനോ വലിയ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടാൽ ആത്മരക്ഷാർത്ഥം തോക്ക് ഉപയോഗിക്കാം- പൊലീസ് മാന്വൽ പറയുന്നു.

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രഹസ്യ വിവരം കിട്ടി എത്തിയ പൊലീസിനെ സുഗതനും ബന്ധുക്കളും അനുയായികളും തടഞ്ഞു. പൊലീസിനെ ഇവർ ആക്രമിച്ചതോടെ പ്രതികളിൽ നിന്നും രക്ഷപ്പെടുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഒരു പ്രതിയെ പിടിക്കാൻ പൊലീസിന് ആകാശത്തേയ്ക്ക് വെടിവെക്കേണ്ടി വരുന്നത് അപൂർവമാണ്. സ്വന്തം ജീവനോ മറ്റൊരാളുടെ ജീവനോ വലിയ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടാൽ ആത്മരക്ഷാർത്ഥം തോക്ക് ഉപയോഗിക്കാം എന്നാണ് പൊലീസ് മാന്വൽ പറയുന്നത്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ തോക്ക് അല്ലെങ്കിൽ സർവീസ് റിവോൾവർ ഉപയോഗിക്കാൻ പൊലീസിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയവ തടയാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തപ്പോൾ ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാം. കുറ്റവാളിയെ പിടികൂടാൻ ശ്രമിക്കുമ്പോൾ, അയാൾ ആക്രമിക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താലും തോക്ക് ഉപയോഗിക്കാം. സാധ്യമായ എല്ലാ സന്ദർഭങ്ങളിലും തോക്ക് ഉപയോഗിക്കുന്നതിന് മുൻപ് ഉച്ചത്തിൽ മുന്നറിയിപ്പ് നൽകണം. വെടിയുതിർക്കേണ്ടി വന്നാൽ തന്നെയും ആളെ കൊല്ലുകയല്ല, ആക്രമണകാരിയെ കീഴ്പ്പെടുത്തുക എന്നതാകണം ലക്ഷ്യമെന്ന് പൊലീസ് മാന്വൽ പറയുന്നു. 

തോക്ക് ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകണം. തോക്ക് എന്നത് പൊലീസിന്‍റെ അവസാനത്തെ പ്രതിരോധ മാർഗ്ഗമാണ് എന്നും ജാഗ്രതയോടെ വേണം ഉപയോഗമെന്നും നിയമത്തിൽ പറയുന്നു. കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും, ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് ഒളിവിലിരുന്ന കൗൺസിലർ ഇന്ന് പ്രദേശത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടാൻ എത്തിയത്. സു​ഗതൻ നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മുൻപ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സുഗതന്റെ കൗൺസിലർ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 10 ഓളം കേസുകളിൽ പ്രതിയായ സുഗതനെതിരെ കാപ്പ ആക്ടും ചുമത്തിയിരുന്നു. അറസ്റ്റിലായ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണ സ്ഥലത്ത് പരിചയം ഉള്ള ആളുകളെ കണ്ടാൽ ചിരിക്കുന്നത് മഹാ അപരാധമോ, വിമർശനങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്ജ്
പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതി അവശിഷ്ടങ്ങൾ, വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ, പുതുവൈപ്പ് ബീച്ചിൽ 300 കിലോ മാലിന്യം നീക്കം ചെയ്ത് സിഎംഎഫ്ആർഐ