ആയോധന കലയിലൂടെ രാജ്യത്തിന് അഭിമാനം; ഹൈറേഞ്ചില്‍ നിന്ന് ഹരണി മലേഷ്യയിലേക്ക് പറക്കുന്നു

By Jansen MalikapuramFirst Published Jan 18, 2019, 3:37 PM IST
Highlights

തോട്ടംതൊഴിലാളിയായ ശേഖര്‍-മുത്തുലക്ഷി ദമ്പതികളുടെ ഇളയമകളായ ഹരണി മാതാവിന്‍റെ ആഗ്രഹപ്രകാരമാണ് സ്‌കൂളില്‍ കരാട്ട അഭ്യാസത്തിന് ചേര്‍ന്നത്. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ചേര്‍ന്നെങ്കിലും നാലാം ക്ലാസില്‍ മെഡല്‍ ലഭിച്ചതോടെ ആഗ്രഹം വര്‍ദ്ധിച്ചെന്ന് ഹരണി പറയുന്നു. ഇതിനിടയില്‍ അസുഖംമൂലം അമ്മ മരിക്കുകയും ചെയ്തു

ഇടുക്കി: ഹൈറേഞ്ചിന്റെ അഭിമാനമായി മാറി ഹരണിയെന്ന വിദ്യാര്‍ത്ഥിനി. മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ആയോധന കലയിലൂടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് രാജ്യത്തിന്‍റെ അഭിമാനമായി മാറുകയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹരണിയെന്ന ചെറുപ്പക്കാരി. ചെറുപ്പം മുതല്‍ കരാട്ടയില്‍ പരിശീലനം ആരംഭിച്ച ഹരണി, ഇന്‍റര്‍ നാഷണല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ്.  ജനുവരി 23 ന് മലേഷ്യയില്‍വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

ബാഗ്ലൂര്‍, ദിണ്ടുക്കല്‍, മധുര, മേലൂര്‍, കൊയമ്പത്തൂര്‍, ട്രിച്ചി എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍- ഇന്‍റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ഹരണി ആറ് ഗോള്‍ഡ് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.  കാരൈ കണ്‍ കരാട്ട സ്‌കൂളിലെ ഹരികുമാറിന്‍റെ നേത്യത്വത്തില്‍ ചെറുപ്പം മുതല്‍ ആയോധന കലകള്‍ അഭ്യസിച്ച ഹരണിച്ച് 4-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മെഡല്‍ ലഭിക്കുന്നത്. 

തോട്ടംതൊഴിലാളിയായ ശേഖര്‍-മുത്തുലക്ഷി ദമ്പതികളുടെ ഇളയമകളായ ഹരണി മാതാവിന്‍റെ ആഗ്രഹപ്രകാരമാണ് സ്‌കൂളില്‍ കരാട്ട അഭ്യാസത്തിന് ചേര്‍ന്നത്. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ചേര്‍ന്നെങ്കിലും നാലാം ക്ലാസില്‍ മെഡല്‍ ലഭിച്ചതോടെ ആഗ്രഹം വര്‍ദ്ധിച്ചെന്ന് ഹരണി പറയുന്നു. ഇതിനിടയില്‍ അസുഖംമൂലം അമ്മ മരിക്കുകയും ചെയ്തു. തുടര്‍ന്ന് പിതാവ് എസ്റ്റേറ്റില്‍ സമാന്തര സര്‍വ്വീസ് നടത്തുന്ന ജീപ്പ് ഓടിച്ചാണ് കുട്ടിയെ പഠിപ്പിച്ചതും കാരട്ടയില്‍ ഉന്നതങ്ങളില്‍ എത്തിക്കുകയും ചെയ്തത്.

തമിഴ്‌നാട്ടില്‍ അഞ്ചാം ക്ലാസുവരെ പഠിച്ച ഹരണി തുടര്‍പഠനത്തിനായി മൂന്നാറിലെത്തുകയും പൊലീസിന്‍റെ എസ് പി സിയില്‍ ചേര്‍ന്ന് കായികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തു. മകള്‍ക്ക് സര്‍ക്കാരിന്‍റെ സഹായം ആവശ്യമാണ്. ഇതിനായി ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രനെ സമീപിച്ചിട്ടുണ്ടെന്ന് പിതാവ് ശേഖര്‍ പറയുന്നു. തോട്ടംമേഖലയില്‍ നിന്നും ആയുധകലകളില്‍ പ്രാവണ്യം നേടി സ്‌കൂള്‍ തലത്തില്‍ വിദേശത്തേക്ക് പറക്കുന്ന ഹരിണിക്ക് തൊഴിലാളികള്‍ എല്ലാവിധ പിന്‍തുണകളും നല്‍കുന്നുണ്ട്.

click me!