വന്യമൃഗ ശല്യത്തിനെതിരെ ഉപവാസം നടത്തിയ കെസിവൈഎം നേതാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

By Web TeamFirst Published Nov 17, 2020, 10:32 PM IST
Highlights

വന്യമൃഗ ശല്യത്തിനെതിരെ പൂഴിത്തോട്ടിൽ ഉപവാസ സമരം നടത്തിയ കെസിവൈഎം താമരശേരി രൂപതാ ട്രഷറർ റിച്ചാൾഡ് ജോണിന് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതര പരിക്ക് 

കോഴിക്കോട്: വന്യമൃഗ ശല്യത്തിനെതിരെ പൂഴിത്തോട്ടിൽ ഉപവാസ സമരം നടത്തിയ കെസിവൈഎം താമരശേരി രൂപതാ ട്രഷറർ റിച്ചാൾഡ് ജോണിന് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതര പരിക്ക് . കാട്ടുപന്നി ഇടിച്ചിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ് കാലിന്റെ എല്ല് തകർന്ന റിച്ചാൾഡിനെ ഇന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പൊട്ടിയ എല്ലിന് സ്റ്റീൽ റോഡ് ഘടിപ്പിക്കേണ്ടി വന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് റിച്ചാൾഡിന്റെ മാതാപിതാക്കളായ പന്തപ്ലാക്കൽ ജോണി- സുനി ദമ്പതികൾ. 

താമരശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ റിച്ചാൾഡ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് പൂഴിത്തോട്ടിലെ വീട്ടിലേക്ക് പോകവെയാണ് കാട്ടുപന്നിയുടെ അക്രമം. സൈഡിൽനിന്ന് പാഞ്ഞടുത്ത കാട്ടുപന്നി റിച്ചാൾഡിന്റെ ബൈക്ക് കുത്തിമറിക്കുകയായിരുന്നു. നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. 

റിച്ചാൾഡിന് ചികിത്സാച്ചെലവടക്കം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ബഫർ സോൺ അടക്കം കർഷകദ്രോഹ നടപടികൾക്കെതിരെ റിച്ചാൾഡിൻ്റെ നേതൃത്വത്തിൽ അടുത്തിടെ പൂഴിത്തോട് അങ്ങാടിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

പ്രതീകാത്മക ചിത്രം

click me!