ആലപ്പുഴ ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽനിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. പാമ്പുപിടുത്തക്കാരനായ ജിബി ജോസ് നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പുകളെ പിടികൂടിയത്. പിടികൂടിയ പാമ്പുകളെ വനംവകുപ്പ് റാന്നി വനമേഖലയിൽ തുറന്നുവിട്ടു.
ആലപ്പുഴ: ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽനിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. ഇന്ന് രാവിലെ 11.30നാണ് സംഭവം. വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിനോട് ചേർന്ന് വലിയപാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പാമ്പുപിടുത്തക്കാരൻ ആലപ്പുഴ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ ഒരോന്നിനെയും പിടികൂടിയത്. വലിപ്പമേറിയ പാമ്പിനെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോന്നിനെയും കരക്കെത്തിച്ചത്. പിടികൂടുന്നതിനിടെ ഒരുപാമ്പ് ചീറിയടുത്തത് ആശങ്കക്കിടയാക്കി. മൂന്നുപാമ്പുകളെ വലയിലാക്കി പാമ്പുപിടുത്തക്കാരൻ പോയെങ്കിലും നാട്ടുകാർ പിരിഞ്ഞുപോയില്ല. വീണ്ടും പാമ്പുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ തെരച്ചിലിനിറങ്ങി.
ഇതിനിടെ പുല്ലിൽ കിടന്ന വലിയപാമ്പിനെയും നാട്ടുകാർ പിടികൂടി അധികൃതർക്ക് കൈമാറി. ഒരേസ്ഥലത്തുനിന്ന് ഇത്രയും പാമ്പുകളെ പിടികൂടുന്നത് ആദ്യമാണ്. കായലിലെ ആവാസ്ഥവ്യവസ്ഥയിൽ വളരുന്ന ഇത്തരം പാമ്പുകൾ ആലപ്പുഴയിൽ സർവസാധാരണമാണ്. ഏതാനും നാളുകൾക്ക് മുമ്പ് ഇരുമ്പുപാലത്തിനുസമീപത്തെ കൊമേഴ്സ്യൽ കനാലിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പള്ളാത്തുരുത്തി കായലിനോട് ചേർന്നും സമീപത്തെ പാടശേഖരങ്ങളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പിന്റെ നേതൃത്വത്തിൽ റാന്നിയിലെ വനത്തിൽ തുറന്നുവിട്ടു.
