ആദ്യം തന്നെ ഉൾപ്പെടുത്തിയത് വെളിച്ചെണ്ണ! പിന്നാലെ 9 ഉത്പന്നങ്ങൾ, മൊത്തം 10; ആഗോള വിപണി കീഴടക്കാൻ 'കേരള ബ്രാൻഡ്' റെഡി, സമഗ്ര സർവെ പൂർത്തിയായി

Published : Sep 18, 2025, 10:32 PM ISTUpdated : Sep 18, 2025, 10:40 PM IST
Kerala Brand

Synopsis

കേരള ബ്രാൻഡ് ലേബലിൽ ആദ്യം ഉൾപ്പെടുത്തിയത് വെളിച്ചെണ്ണ. കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയാണ് മറ്റ് ഉത്പന്നങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മേഖലയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് 'കേരള ബ്രാൻഡ്' പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി, 'കേരള ബ്രാൻഡ്' എന്ന പേരിൽ ആഗോള വിപണിയിൽ എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ ഈ സർവേയിൽ, 1124 നിർമ്മാണ യൂണിറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. നേരത്തെ പദ്ധതിയുടെ പ്രാരംഭത്തിൽ വെളിച്ചെണ്ണയെ 'കേരള ബ്രാൻഡ്' ലേബലിൽ ഉൾപ്പെടുത്തിയിരുന്നു. കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയാണ് 'കേരള ബ്രാൻഡ്' ലേബലിനായി നിലവിൽ പരിഗണിച്ച പത്ത് ഉത്പന്നങ്ങൾ. ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉത്പാദന രീതികൾ, ധാർമികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനമാണ് സർവേയിലൂടെ നടത്തിയത്.

സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും

സർവേയിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഈ ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാതാക്കൾക്ക് 'കേരള ബ്രാൻഡ്' എന്ന പേരിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിക്കും. ഇത് ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ നേതൃത്വത്തിൽ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർമാർ, ബിസിനസ് ഡെവലപ്‌മെന്റ് സർവീസ് പ്രൊവൈഡർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് സർവേ നടത്തിയത്. നിർമ്മാണ യൂണിറ്റുകളിൽ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.

സുപ്രധാന ചുവടുവെപ്പെന്ന് വ്യവസായ മന്ത്രി പി രാജീവ്

കേരളത്തിന്റെ വ്യവസായ നയത്തിൽ ഇത് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. "നമ്മുടെ ഉത്പന്നങ്ങൾക്ക് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ഒരു ആഗോള മുദ്ര നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നമ്മുടെ നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകും," അദ്ദേഹം കൂട്ടിച്ചേർത്തു.

"സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉത്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. ഇത് കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും," വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്. വ്യക്തമാക്കി. 'കേരള ബ്രാൻഡ്' പദ്ധതിയിലൂടെ, ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ സംസ്ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്