
കട്ടപ്പന: കൊന്നത്തടി പുല്ലുകണ്ടത്ത് കാരക്കാവയലിൽ ജോയിയുടെ പുരയിടത്തിൽ കൃഷി ചെയ്തു വന്ന വിളവെടുപ്പിന് പാകമായ ചെടികൾ ഉൾപ്പടെ 7 കഞ്ചാവ് ചെടികൾ തങ്കമണി എക്സൈസ് കണ്ടെത്തി. ഒന്നര മീറ്ററോളം ഉയരം ഉണ്ടായിരുന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ജോയിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ പിടികൂടാനായില്ല. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ജോയി വളർത്തിയ കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്.
തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയിൽ ഇടുക്കി ഐ ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എം ഡി സജീവ്കുമാർ, പ്രിവേന്റീവ് ഓഫീസർ ജയൻ പി ജോൺ, സി എൻ ജിൻസൺ, ബിനു ജോസഫ്, സി ഇ ഒ എസ് സുജിത്, ഡബ്ല്യു സി ഇ ഒ കെ ജെ ബിജി, ഡ്രൈവർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം