
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്നുവിളിക്കുന്ന തോമസ് വർഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്നു വിളിക്കുന്ന ശെൽവൻ (54), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കു കൂടുതൽ വഴി സൗകര്യം ഉണ്ടാക്കാനായാണ് ശിലാനാഗവിളക്ക് വെള്ളിയാഴ്ച രാത്രി രഹസ്യമായി നീക്കം ചെയ്തത്. രാജൻ കണ്ണാട്ട് പറഞ്ഞതനുസരിച്ചാണ് ശെൽവനും കുഞ്ഞുമോനും ഇതുചെയ്തത്. ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്റെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികളെയും നാഗവിളക്കും കണ്ടെത്തിയത്.
തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി രാത്രി തന്നെ നാഗവിളക്ക് ക്ഷേത്ര ഭരണ സമിതിക്കു വിട്ടുകൊടുത്തു. ശനിയാഴ്ച പുലർച്ചെയോടെ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയുംചെയ്തു. പ്രതികൾക്കെതിരേ മതസ്പർധയുണ്ടാകത്തക്ക വിധം ആരാധനാലയങ്ങൾക്കു നേരേയുള്ള കൈയേറ്റങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 298 വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. വണ്ടിമല ദേവസ്ഥാനം ഭരണസമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ യോഗം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam