
കൊടുങ്ങല്ലൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകളെല്ലാം മുഴുവൻ സമയവും വീടുകളിൽ തന്നെ കഴിയുകയാണ്. ഈ സമയങ്ങളിൽ പലതരത്തിലുള്ള വിനോദങ്ങളിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുകയാണ് ജനങ്ങൾ. അത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി തങ്ങളുടെ കിണറെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ ദമ്പതികൾ.
ചാപ്പാറ പള്ളത്തുകാട് പാറക്കൽ സിബിയും കുടുംബവുമാണ് ലോക്ക്ഡൗണിൽ വറ്റാത്ത നീരുറവ യാഥാർത്ഥ്യമാക്കിയത്. 17 അടി താഴ്ചയുള്ള കിണറാണ് കടുപ്പമുള്ള ചെങ്കല്ലിൽ ദമ്പതികൾ കുഴിച്ചെടുത്തത്. കിണർ കുഴിക്കാൻ ആവശ്യമായ സ്ഥലമുണ്ടെങ്കിലും അതിനുള്ള പണം ഇവരുടെ പക്കൽ ഇല്ലായിരുന്നു.
ചെങ്കൽ പ്രദേശമായതിനാൽ 17 അടി താഴ്ചയിൽ കിണർ കുഴിക്കാൻ ഏകദേശം 40,000 ത്തിലേറെ രൂപ വരും. കൂടാതെ വീട് നിർമ്മാണവും നടക്കുകയാണ്. അങ്ങനെയാണ് ലോക്ക്ഡൗണിൽ എല്ലാവരും വീടുകളിൽ കഴിയേണ്ട സ്ഥിതി വന്നത്. ഇതോടെ കിണർ കുഴിക്കാൻ സിബിയും ഭാര്യ ശ്രുതിയും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
ദിവസവും രാവിലെയും വൈകിട്ടുമായി 6 മണിക്കൂറാണ് ഇവർ കിണർ കുഴിക്കലിന് വേണ്ടി മാറ്റി വച്ചത്. നാലാം ക്ലാസുകാരനായ മകൻ ആയുഷും ചിലപ്പോൾ സഹായത്തിനെത്തിയിരുന്നു. രണ്ട് വയസ്സുകാരൻ ആഗ്‌നയിനെ അമ്മയെ ഏൽപിച്ചായിരുന്നു ശ്രുതിയും കിണർ കുഴിക്കാൻ ഇറങ്ങിയത്. നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെയാണ് കിണറിൽ നീരുറവ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam