
തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നടന്ന കൂട്ടസ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റം നൽകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തിക്കൊണ്ടാണ് പുതിയ നടപടി. വനിതാ ജീവനക്കാർക്കടക്കം യാതൊരു കാരണവുമില്ലാതെയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. കെ.എഫ്.സിയിലെ സ്ഥലം മാറ്റങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് കെ.എഫ്.സി എംപ്ലോയീസ് അസോസിയേഷനും (കെ.എഫ്.സി.ഇ.എ) കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും (കെ.എഫ്.സി.ഒ.എ) ആരോപിച്ചു.
മികച്ച രീതിയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ തകർച്ചയിലേക്ക് നയിക്കാനും ജീവനക്കാരുടെ മനോവീര്യം കെടുത്താനും മാത്രമേ ഇത്തരം നടപടികൾ കാരണമാകൂ എന്ന് സംഘടനകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അനധികൃതവും അകാരണവുമായ ഈ സ്ഥലം മാറ്റ ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 വെള്ളിയാഴ്ച കെ.എഫ്.സി ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും.
കെ.എഫ്.സി.ഇ.എ സംസ്ഥാന പ്രസിഡന്‍റ് ക്ലൈനസ് റൊസാരിയോ ധർണ ഉദ്ഘാടനം ചെയ്യും. കെ.എഫ്.സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡി. കെ. മുരളി പരിപാടിയെ അഭിവാദ്യം ചെയ്ത് സംസാരിക്കും. ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തോടെ ദ്രോഹിക്കുന്ന നടപടികൾ മാനേജ്മെന്‍റ് തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam