വലയില്‍ കുടുങ്ങിയ ആമയെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ ; വീഡിയോ കാണാം

By Web TeamFirst Published Apr 12, 2022, 5:14 PM IST
Highlights


ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു അല്‍അമാന്‍ വള്ളം. ആഴക്കടലില്‍ എത്തിയപ്പോഴാണ് ആരോ കടലില്‍ ഉപേക്ഷിച്ച മത്സ്യബന്ധന വലയില്‍ അനക്കം കണ്ടത്. ഇതോടെ ബോട്ടിനോട് ഒപ്പമുണ്ടായിരുന്ന ചെറുവളത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉപേക്ഷിക്കപ്പെട്ട വലയ്ക്കടുത്തെത്തി. 

മലപ്പുറം:  താനൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ചത് ഉപയോഗ ശൂന്യമായ വലയില്‍ കുടുങ്ങി ജീവന് വേണ്ടി കൈകാലിട്ട് അടിക്കുന്ന കടലാമയെ. ഒടുവില്‍ ആമയെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിയപ്പോള്‍ വലയും വള്ളവും ഒഴിഞ്ഞ് തന്നെ കിടന്നു. എങ്കിലും കടലമ്മയുടെ ഒരു കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് 'അല്‍അമാന്‍' എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന്‍റെ തീരത്ത് കാര്യമായ കോളുകളൊന്നും ലഭ്യമായിരുന്നില്ല. മത്സ്യബന്ധനത്തിന് പോയ വള്ളക്കാര്‍ക്ക് നിരാശയായിരുന്നു ഫലം. അതിനിടെയാണ് ഇന്ന് താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളക്കാര്‍ക്ക് ഒരു കടലാമയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. കേരളത്തിന്‍റെ സൈന്യം എന്ന് വാട്സാപ്പ് ഗ്രൂപ്പിലാണ് ആമയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആദ്യമായി വന്നത്. 

"

ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു അല്‍അമാന്‍ വള്ളം. ആഴക്കടലില്‍ എത്തിയപ്പോഴാണ് ആരോ കടലില്‍ ഉപേക്ഷിച്ച മത്സ്യബന്ധന വലയില്‍ അനക്കം കണ്ടത്. ഇതോടെ ബോട്ടിനോട് ഒപ്പമുണ്ടായിരുന്ന ചെറുവളത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉപേക്ഷിക്കപ്പെട്ട വലയ്ക്കടുത്തെത്തി. തുടര്‍ന്ന് ഏറെ നേരത്തെ ശ്രമഫലമായി ആമയെ രക്ഷപ്പെടുത്തി കടലിലേക്ക് തന്നെ വിട്ടെന്ന് അല്‍അമാന്‍ വള്ളത്തിന്‍റെ സ്രാങ്ക് റഷീദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മുപ്പത് നാല്പത് കിലോ തൂക്കമെങ്കിലും ആമയ്ക്ക് ഉണ്ടാകുമെന്നും റഷീദ് പറഞ്ഞു. 

മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഉപേക്ഷിക്കുന്ന ഉപയോഗ ശൂന്യമായ വലകളും മറ്റ് പലരീതിയില്‍ കടലില്‍ എത്തിപ്പെടുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും കടല്‍ ജീവികളുടെ ജീവന് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കരയെപ്പോലെ തന്നെ കടലും മലിനമാകുന്നത് ഏറെ ആശങ്കയോടെയാണ് ലോകം ഇന്ന് കാണുന്നത്. കടല്‍ മലിനമാകുന്നതോടെ കടല്‍ ജീവികളുടെ വംശനാശം സംഭവിക്കുമെന്ന് നിരവധി പഠനങ്ങളും പറയുന്നു. 

click me!