
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയവർ മരണപ്പെട്ടതിന് പിന്നാലെ ഹോട്ടലിലേക്കെത്തുന്ന മത്സ്യത്തിന്‍റെ വഴി തേടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. കഴിഞ്ഞ 16ന് വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ വഴിക്കുവച്ച് അസ്വസ്ഥത ഉണ്ടായ നിലമേൽ സ്വദേശികളായ ഷാജി (42), റാഷിദ ബീവി(58) എന്നിവർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾ പരാതിയുമായെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയാരംഭിച്ചത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും കഴിച്ച മീൻ മുട്ടയിൽ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. അസ്മാക് ഹോട്ടലിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഭക്ഷണ സാംപിളുകളുടെ ഫലം ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ ലഭിച്ചിട്ടില്ല. അതു ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിയൂ. എങ്കിലും വിഴിഞ്ഞത്തെ ചില ഹോട്ടലുകളിൽ മീൻമുട്ട എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണെന്നു വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ നിർദേശിച്ച സംഘം പരിശോധനയ്ക്കായി തമിഴ്നാട് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ സഹായം തേടിയിരുന്നു. കന്യാകുമാരിക്കു സമീപത്തെ മുട്ടം ഹാർബറടക്കം പരിശോധിക്കാനായിരുന്നു തീരുമാനമെങ്കിലും തമിഴ്നാടിന്‍റെ നിസഹകരണം മൂലം പരിശോധനയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തമിഴ്നാട്ടിലെ സീഫുഡ് കമ്പനികളിൽ നിന്നു കയറ്റുമതിക്ക് ഉപയോഗിക്കുന്ന മീനുകളിൽ നിന്നു നീക്കം ചെയ്യുന്ന മാലിന്യമായിരിക്കാം കേരളത്തിലെ ചില ഹോട്ടലുകളിലേക്ക് ഭക്ഷണ വിഭവമായി എത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മാലിന്യമായി ഉപേക്ഷിക്കുന്ന മീൻമുട്ട ഉൾപ്പെടെയുള്ളവ കഴുകി വൃത്തിയാക്കി കേരളത്തിലെത്തിച്ചു വലിയ വിലയ്ക്കു വിൽക്കും. ഇത്തരത്തിൽ എത്തിച്ച മുട്ടയാണോ ഭക്ഷ്യ വിഷബാധയ്ക്കു കാരണമായത് എന്ന സംശയത്തിലാണ് പരിശോധന നടത്താനൊരുങ്ങിയത്. എന്നാൽ തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനാൽ സാംപിൾ പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടിയെടുക്കാനാണ് തീരുമാനം.അതേസമയം, ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam