
ആറൻമുള: പ്രളയദുരിത ബാധിതരായ വനിതകൾക്ക് സ്വയം തൊഴിൽ വായ്പ നൽകി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. പ്രളയം പലകുടുംബങ്ങളുടെയും ഉപജീവനമാർഗം ഇല്ലാതാക്കിയ സാഹചര്യത്തിലാണ് വനിതാ വികസന കോർപറേഷൻ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നത്.
ആറ് ജില്ലകളിലെ ദുരിത ബാധിതരായ സ്ത്രീകൾക്ക് വായ്പ അനുവദിക്കുന്നതിന്‍റെ ആദ്യഘട്ടത്തിനാണ് പത്തനംതിട്ടയിലെ ആറന്മുളയിൽ തുടക്കമായിരിക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പും പ്ലാനിംഗ് ബോർഡും സംയുക്തമായി സമർപ്പിച്ച പഠന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആറ് ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ തൊഴിൽ സംരഭങ്ങൾക്ക് വായ്പ നൽകുന്നത്.
ആറന്മുളയിലെ 24 കുടുംബങ്ങൾക്കുള്ള തയ്യൽമെഷീനുകളുടെ വിതരണം മന്ത്രി കെ.കെ ശൈലജ നിർവ്വഹിച്ചു. ഒരു വർഷമാണ് വായ്പാ കാലാവധി. വനിതകൾക്ക് തൊഴിൽ പരിശീലനവും നൽകുമെന്ന് മന്ത്രി അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ചടങ്ങിൽവെച്ച് ലാപ്ടോപ്പുകളും നൽകി. 2 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പ്രളയക്കെടുതി രൂക്ഷമായ മേഖലയെന്ന നിലയ്ക്കാണ് ആറന്മുളയിൽ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam