
കൊല്ലം: വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതി പതിനേഴാം വർഷം പിന്നിടുകയാണ്. കൊല്ലം അമൃതപുരി ആശ്രമത്തിൽ വാര്‍ഷിക പരിപാടി സംഘടിപ്പിച്ചു. വാര്‍ഷിക പരിപാടിയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്‍, കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ്, ചവറ എംഎല്‍എ സുജിത് വിജയന്‍ പിള്ള, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, എന്നിവര്‍ പങ്കെടുത്തു. കൊവിഡ് ദുരിതം ഇപ്പോഴും തുടരുന്നതിനാല്‍ അമൃത ശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി 35 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് കൂടി അനുവദിച്ചു. അമൃത സ്വാശ്രയ സംഘം കോഡിനേറ്റര്‍ രംഗനാഥന്‍ സ്വാഗതപ്രസംഗം അവതരിപ്പിച്ചു. ലോകത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം സ്ത്രീകളാണ്. തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള അമൃതശ്രീ പദ്ധതിയുടെ ശ്രമം പ്രശംസനാര്‍ഹമാണെന്ന് വി മുരളീധരന്‍ പറഞ്ഞു. നാടിന്റെ പുരോഗതി സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ അമൃത ശ്രീ പദ്ധതിയിലൂടെ കഴിഞ്ഞു. സഹായിക്കുക എന്ന പ്രവര്‍ത്തി മാത്രമല്ല അമൃത ശ്രീ എന്ന പദ്ധതി ചെയ്തത്. സ്ത്രീകളെ സ്വയം സംരംഭകരാകാന്‍ പ്രാപ്തമാക്കിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 35 കോടി രൂപയുടെ വിതരണ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. കോവിഡ് ഉൾപ്പടെയുള്ള ദുരിതകാലങ്ങളിൽ അമൃതാനന്ദമയീ മഠം കാഴ്ചവയ്ക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും അമ്മയുടെ നേതൃത്ത്വത്തിൽ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായി ഗവർണ്ണർ പറഞ്ഞു. സഹജീവികളോടുള്ള സ്നേഹവും പരിഗണനയുമാണ് അമ്മ. സ്ത്രീശാക്തീകരണത്തിനായി അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെന്നും ധീരരായിരിക്കണം, നിര്‍ഭയരായിരിക്കണം, ആത്മവിശ്വാസമുള്ളവരുമായിരിക്കണമെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. മനോപക്വത ഇല്ലാത്തവരാണ് സ്ത്രീകളെന്ന് പൊതു ധാരണയുണ്ട്. ആ വാക്കുകളില്‍ തളരാതെ കര്‍മ്മധീരതയിലൂടെയും മനോഭാവത്തിലൂടെയും അത്തരം വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കണം. സ്ത്രീക്ക് മാത്രം ഈശ്വരന്‍ പ്രത്യേകം നല്‍കി അനുഗ്രഹിച്ചിട്ടുള്ള സ്നേഹം, ക്ഷമ, കാരുണ്യം, എല്ലാത്തിലും ഉപരി മാതൃത്വം, ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. മാതൃശക്തിയാണ് പ്രപഞ്ചത്തിനാധാരമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി 15,000 ത്തിലധികം സംഘങ്ങളും രണ്ടര ലക്ഷത്തിലധികം അംഗങ്ങളുമുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി അമൃതശ്രീ മാറിക്കഴിഞ്ഞു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത ശ്രീ പദ്ധതിയിലൂടെ 50 കോടി രൂപയാണ് മാതാ അമൃതാനന്ദമയീ മഠം ചെലവാക്കിയത്. 35 കോടി രൂപയുടെ അധിക സഹായം ഉടന്‍ നടപ്പിലാക്കും. 2020-ല്‍ കൊവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ അമൃതാനന്ദമയീ മഠം കേന്ദ്രത്തിനും കേരളത്തിനുമായി 13 കോടിയോളം രൂപ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതിനു പുറമേ തൊഴില്‍രഹിതര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍ക്കുമായി നിരവധി സാമ്പത്തിക സഹായങ്ങടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
ഇന്ത്യയെ വിറപ്പിച്ച സുനാമിയുടെ പശ്ചാത്തലത്തില്‍ 2004-ലാണ് സ്ത്രീ ശാക്തീകരണ പദ്ധതിയായ അമൃത ശ്രീ ആരംഭിച്ചത്. 35 കോടിയുടെ സഹായം ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സഹായകമാകും. പലചരക്ക് കിറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവയും വിതരണം ചെയ്യും. ഇതോടെ, 2020 ല്‍ കൊവിഡ് ആരംഭിച്ചതിന് ശേഷം നല്‍കിയ ആകെ സാമ്പത്തിക സഹായം 85 കോടി രൂപയോളമാകുമെന്നാണ് കണക്ക്.
2.5 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗങ്ങളായ പദ്ധതിയാണ് അമൃതശ്രീ. സുനാമി ആയിരക്കണക്കിന് ജീവിതങ്ങളെ നശിപ്പിക്കുക മാത്രമല്ല, തീരപ്രദേശങ്ങളിലെ മത്സ്യബന്ധന വ്യവസായത്തെയും തകര്‍ത്തു. മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി. വനിതകള്‍ക്ക് ഉപജീവനമാര്‍ഗം ആവശ്യമാണെന്ന് മനസിലാക്കിയ അമ്മ അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വിവിധ നൈപുണ്യ പരിപാടികള്‍ ആസൂത്രണം ചെയ്തു. അങ്ങനെയാണ് അമൃതശ്രീ പദ്ധതി ആരംഭിക്കുന്നത്. എല്ലാ വര്‍ഷവും, അമൃത ശ്രീ പദ്ധതിയുടെ സമാരംഭത്തിന്റെ വാര്‍ഷികത്തില്‍, മഠം 30,0000 രൂപ സംഘത്തിന് നല്‍കാറുണ്ട്. അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ച് ലക്ഷത്തിലധികം സാരികളും വിതരണം ചെയ്യും. 2020-ല്‍ കൊവിഡ് പകര്‍ച്ചവ്യാധി പൂര്‍ണ്ണമായി ബാധിച്ചപ്പോഴും, രാജ്യത്തുടനീളമുള്ള എല്ലാ അമൃത ശ്രീ അംഗങ്ങളിലും ഭക്ഷണ കിറ്റുകള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam