
ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിച്ചേരുന്നത്. പൊങ്കാലയർപ്പണം: ക്ഷേത്രത്തിൽ നിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും. ഭക്തരുടെ സൗകര്യാർത്ഥം സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഭക്തരെ സഹായിക്കുന്നതിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വൊളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.
വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു.