
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരുക്ക്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരുക്കേറ്റത്. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.
കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് അടിച്ചതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് നിസാര പരുക്കുകളേറ്റത്. അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്‍റെ മുകളിൽ വെൽഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ. കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam