
തിരുവനന്തപുരം: മണക്കാട് ഗവൺമെന്റ് ടി.ടി.ഐ. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഇഷാന് ഒരു ആഗ്രഹം. തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഒന്ന് നേരിൽ കാണണം. വീട്ടുകാർ കുട്ടിയുടെ ആഗ്രഹം മണക്കാട്ടെ പൊതുപ്രവർത്തകരെ അറിയിച്ചു.അവർ ഈ വിവരം മന്ത്രിക്ക് കൈമാറി. എന്നാൽ മണക്കാട്ടെ ഇഷാന്റെ വീട്ടിൽ നേരിട്ട് എത്താമെന്നായി മന്ത്രി.
അങ്ങനെ വെള്ളിയാഴ്ച രാവിലെ തന്നെ മന്ത്രി ഇഷാനെ കാണാൻ എത്തി. നേരത്തെ തന്നെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇഷാൻ കുളിച്ചു റെഡിയായിരിക്കുന്നുണ്ടായിരുന്നു. മന്ത്രിയെ ഇഷാൻ ആഹ്ലാദത്തോടെ സ്വീകരിച്ചു. എങ്ങനെയാണ് തന്നെ അറിയുക എന്ന് മന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയം മുതൽ അപ്പൂപ്പൻ പത്രം വായിക്കുമ്പോൾ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി. രോഗത്തെ ഭയക്കേണ്ടതില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
താനിപ്പോൾ നാലാം ക്ലാസ്സിൽ ആണെന്നും അഞ്ചാം ക്ലാസിലും മണക്കാട് സ്കൂളിൽ പഠിക്കാൻ സ്കൂൾ മിക്സഡ് ആക്കണമെന്നായി ഇഷാൻ.സ്കൂൾ അധികൃതരും അധ്യാപക രക്ഷകർതൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം താൻ ഇഷാനെ കാണാൻ വീണ്ടും എത്തും എന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.
Read also: കേരളത്തിൽ കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുത്തനെ കുറഞ്ഞു: കണക്കുകളുമായി വനം മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam