ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്ര സന്നിധിയിൽ മരിയക്ക് സിന്ദൂരം ചാർത്തി നിധിൻജിത്ത്; കേരളത്തിന്‍റെ സ്വന്തം യുകെക്കാരി മരുമകൾ

Published : Jul 09, 2026, 07:03 PM IST
nithin maria marriage

Synopsis

യുകെ സ്വദേശിനി ലിയാൻ മരിയയും ചെല്ലാനം സ്വദേശി നിധിൻജിത്തും കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. യുകെയിൽ വെച്ച് പ്രണയത്തിലായ ഇരുവരും കേരളത്തനിമയിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. മതത്തിനെയും ദേശത്തെയും അതിജീവിച്ച ഈ പ്രണയവിവാഹം ഗുരുദർശനങ്ങളുടെ സാക്ഷാത്കാരമായി മാറി.

ചേർത്തല: അതിർത്തികളെയും ആചാരങ്ങളെയും ഭേദിച്ച് സ്നേഹം വീണ്ടും മാതൃകയാകുന്നു. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്ര സന്നിധിയിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതീയുവാക്കൾ വിവാഹിതരായതോടെ ഗുരുദർശനങ്ങൾ കൂടിയാണ് യാഥാർഥ്യമായത്. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ തറയിൽ പറമ്പിൽ നിധിൻജിത്തും യുകെ സ്വദേശിനിയും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ലിയാൻ മരിയയുമാണ് ഒന്നിച്ചുള്ള ജീവിതത്തിന് കൈകോർത്തത്.

ഉന്നത പഠനത്തിനായി നിധിൻജിത്ത് യുകെയിലെ സൗത്ത് ഷീൽഡ്സിലെ കോളജ് മുറ്റത്ത് എത്തിയപ്പോൾ തുടങ്ങിയ പരിചയം 2022ൽ പ്രണയമായി മാറുകയായിരുന്നു. മർച്ചന്‍റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലണ്ടനിലും നെതർലൻഡ്സിലുമെല്ലാം ഇരുവരും കണ്ടുമുട്ടി. പ്രണയം അതിർത്തിവരമ്പുകൾ ലംഘിച്ചതോടെ ലിയാൻ മരിയ കഴിഞ്ഞ വർഷം കേരളത്തിലുമെത്തി. ഇരുപതു ദിവസത്തോളം ചെല്ലാനത്ത് തങ്ങിയ ഇവർ തൃശൂരും തൃപ്രയാറിന്‍റെ തീരവും ക്ഷേത്രങ്ങളും സന്ദർശിച്ചു.

നാടിന്റെ മനസ്സ് തൊട്ടറിഞ്ഞ ഇവർ അടുത്ത സന്ദർശനത്തിൽ വിവാഹം നടത്താമെന്ന് ഉറപ്പിച്ചാണ് മടങ്ങിയത്. വിവാഹ ഒരുക്കങ്ങൾക്കായി മേയ് 30ന് ലിയാനും ജൂൺ ആറിന് നിധിൻജിത്തും നാട്ടിലെത്തി. വിവാഹം തികച്ചും കേരളത്തനിമയിലാകണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇരുവരും വിവാഹത്തിനായി പരമ്പരാഗത രീതിയിലുള്ള സ്വർണ്ണത്തിന്‍റെ പാലക്കമാലയും സെറ്റ് സാരിയും വാങ്ങി. ആഭരണങ്ങൾ തിരഞ്ഞെടുക്കാനും മേക്കപ്പിനും അടക്കം എല്ലാ സഹായങ്ങൾക്കും അടുത്ത സുഹൃത്ത് ജാസ്മിയും ഒപ്പമുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ 10. 30ഓടെ താലിയും നെറ്റിയിൽ ചുവന്ന സിന്ദൂരരേഖയും ചാർത്തിയതോടെ ലിയാൻ മരിയ പൂർണമായും കേരളത്തിന്റെ മരുമകളായി. ഇത്തരം ചടങ്ങുകൾ തനിക്ക് പുതിയതാണെന്നും എന്നാൽ സ്നേഹമെന്നാൽ സംസ്കാരങ്ങൾ പരസ്പരം പങ്കുവെക്കൽ കൂടിയാണെന്നും വിവാഹശേഷം ലിയാൻ മരിയ പ്രതികരിച്ചു. മതത്തിന്‍റെയും ദേശത്തിന്‍റെയും പേരിൽ ഭിന്നതകളുയരുന്ന കാലത്ത് രണ്ട് മനസ്സുകൾ കൈകോർത്ത് ശക്തീശ്വരത്ത് ചൊല്ലിയ മന്ത്രം നാടിന് ഒരു വലിയ പാഠം കൂടിയായി മാറുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പെൺകുട്ടി! പരിശോധിച്ചപ്പോൾ കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ
വീട് വളഞ്ഞ് തക്കം പാർത്തിരുന്ന് പൊലീസ്, പക്ഷെ പിടികൂടാനായില്ല; കൊല്ലത്ത് എംഡിഎംഎ കച്ചവടം നടത്തിയയാൾ രക്ഷപ്പെട്ടു