'നമ്മുടെ മക്കൾ'; ആദിവാസി ഊരുകളിൽ പോക്സോ നിയമ ബോധവത്കരണവുമായി കേരള പൊലീസ്

By Web TeamFirst Published Dec 4, 2021, 11:50 AM IST
Highlights

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രത്യേകം പ്രത്യേകം ക്ലാസുകൾ നല്‍കിയാണ് നിയമ സംവിധാനങ്ങളെപ്പറ്റി ബോധവത്കരണം നടത്തുന്നത്.

വയനാട്: പോക്സോ കേസുകള്‍(Pocso case) കുടുന്ന സാഹചര്യത്തില്‍  വയനാട്ടിലെ ആദിവാസി ഊരുകളിൽ പോക്സോ നിയമ ബോധവത്കരണവുമായി കേരള പൊലീസ്(Kerala Police). ആദിവാസി(Tribal) വിഭാഗങ്ങള്‍ക്കിടയിലുള്ള നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള അജ്ഞതയും ശൈശവ വിവാഹങ്ങളെ കുറിച്ചുള്ള ധാരണാക്കുറവും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്. 'നമ്മുടെ മക്കൾ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി.

ആദിവാസി ഊരുകളിലെത്തി, ഈരിലെ ജനങ്ങൾക്കൊപ്പം ആടിയും പാടിയും അവര്‍ക്കൊപ്പം ചേര്‍ന്ന്  വിവധ പരിപാടികള്‍ പൊലീസ് സംഘടപ്പിച്ചിട്ടിണ്ട്.  ഇതിനോടൊപ്പം പോക്സോ നിയമ ബോധവത്ക്കരണവും നടത്തുകയാണ് ഉദ്ദേശ ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രത്യേകം പ്രത്യേകം ക്ലാസുകൾ നല്‍കിയാണ് നിയമ സംവിധാനങ്ങളെപ്പറ്റി ബോധവത്കരണം നടത്തുന്നത്.

വയനാട് ജില്ലയിലെ വിവിധ ആദിവാസി ഊരുകളിലായി ഒരു മാസത്തിനുള്ളിൽ ഇരുന്നൂറിലേറെ ക്ലാസുകൾ സംഘടിപ്പിച്ചു. പോക്സോ ഉൾപ്പടെയുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട അജ്ഞതമൂലം ഊരുകളിലെ യുവാക്കൾ കേസിൽ കുടുങ്ങുന്നത് പതിവാണെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാർ പറഞ്ഞു. ഗോത്രമേഖലയിലെ ജനങ്ങളെ ചേർത്ത് നിർത്തിയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തുടങ്ങും. ആദിവാസി മേഖലയില്‍ നിന്നും പോക്സോ കേസുകളില്ലാതാക്കുന്നതോടൊപ്പം നിയമസംവിധാനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന് ഡിവൈഎസ്പി മനോജ് കുമാര്‍ പറഞ്ഞു.

click me!