
തങ്കമണി: നൂറ്റി അൻപത് പേരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കറുകച്ചേരിൽ ജെറിൻ സഹോദരൻ ജെബിൻ എന്നിവരാണ് പടിയിലായത്. ഗ്യാസ് ഏജൻസി നടത്തിവന്ന സഹോദരങ്ങൾ ഇവിടുത്തെ ജീവനക്കാരിയായ യുവതിയോടുള്ള വൈരാഗ്യത്തിൽ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ജെറിനും ജെബിനും പിടിയിലായത്.
സംഭവം ഇങ്ങനെ
ഇരട്ടയാർ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരിൽ ഗ്യാസ് ഏജൻസി നടത്തുന്നവരാണ് ജെറിനും സഹോദരൻ ജെബിനും. ഇവിടുത്തെ ജീവനക്കാരിയായ യുവതിയോട് ജെറിനുണ്ടായ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കം. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് തയ്യാറാക്കി. ഇതിനു ശേഷം ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെ 150 ഓളം പേരെ ചേർത്ത് വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി. ഇതിൽ ജെറിൻ ചിത്രങ്ങൾ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്ത ശേഷം ഗ്രൂപ്പ് റിമൂവ് ചെയ്തു. സാമൂഹ്യ മാധ്യമത്തിൽ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രിൽ മാസത്തിൽ തങ്കമണി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിച്ചതെന്ന് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജെറിന്‍റെ തൊഴിലാളി ആണ് ഇയാളെന്ന് കണ്ടെത്തി. തുടർന്ന് തങ്കമണി സി ഐ കെ എം സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അസമിലെത്തി ഇയാളെ കണ്ടെത്തി. പണികുറവായതിനാൽ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിൻ തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ഇയാൾ മൊഴി നൽകി. പണം നൽകിയ ശേഷം സിംകാർഡ് ജെബിൻ വാങ്ങിയതായും ഇയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ജെറിനെയും ജെബിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാനും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിട്ടു. കട്ടപ്പന കോടതിയെ സമീപിച്ച് തെളിവു ശേഖരിക്കാൻ തെരച്ചിൽ നടത്താനുള്ള വാറണ്ട് സമ്പാദിച്ചാണ് പൊലീസ് ജെറിനെയും ജെബിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam