
ഇടുക്കി: സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തണുപ്പ് കടുക്കുന്നു. ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്ന് പുലർച്ചെ മൂന്നാറിൽ രേഖപ്പെടുത്തി. കെഡിഎച്ച്പി (KDHP) എസ്റ്റേറ്റിലെ സെവൻമലേ സെക്ഷനിലാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിൽ തണുപ്പ് വർധിച്ചു വരികയായിരുന്നു. പുലർച്ചെ പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞു വീണുകിടക്കുന്നത് കാണാൻ വൻ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
വരുന്ന ദിവസങ്ങളിൽ താപനില കൂടുതൽ താഴാൻ സാധ്യതയുണ്ട്. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളുടെ മുകളിൽ ഐസ് പാളികൾ രൂപപ്പെട്ടു കാണാം. രാത്രികാലങ്ങളിൽ തീവ്രമായ തണുപ്പ് നിലനിൽക്കുമ്പോഴും പകൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്നു. ക്രിസ്മസ്-പുതുവത്സര അവധികൾ ആരംഭിച്ചതോടെ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് മൂന്നാറിൽ വർധിച്ചുവരികയാണ്. തണുപ്പ് കൂടിയതിനാൽ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് കാണാം. കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസായിരുന്നു.
മുന്നാർ ടൗണിനേക്കാൾ തോട്ടം മേഖലകളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും തണുപ്പ് ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. തണുപ്പ് കടുത്തതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്.
സെവൻമലേ-1°C
ചെണ്ടുവരൈ0°C
സൈലന്‍റ് വാലി0°C
നല്ലതണ്ണി0°C
ലെച്ച്മി0°C
ദേവികുളം1°C
മാട്ടുപ്പെട്ടി2°C
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam