
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്നില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മ്യൂസിയം, ലൈബ്രറി, സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങിയവയും ജെന്‍ഡര്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കും. ഒരു കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ജന്‍ഡര്‍ പാര്‍ക്ക് ലോകത്തിനു തന്നെ മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പിന്തുടര്‍ന്നു വന്നിരുന്ന രീതികളെല്ലാം മാറ്റി ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് പുതിയ ആരോഗ്യനയം മൂലമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ഉള്ളതായി മന്ത്രി പറഞ്ഞു. രോഗം വന്നാല്‍ ചികിത്സിക്കാനുള്ള കേന്ദ്രമായി മാറാതെ രോഗം വരാതെ നോക്കാനുള്ള ഇടമായി ആശുപത്രികള്‍ മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നു. പരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതി മാറ്റി വൈകുന്നേരം വരെ പരിശോധനയും ചികിത്സയും ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇനി മുതല്‍ എല്ലാ മാസവും പതിനൊന്നാം തീയതി ആശാവര്‍ക്കര്‍ മാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനമായതായി മന്ത്രി ചടങ്ങില്‍ അറയിച്ചു.
ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രത്തിന്റെ വികസനത്തിന് മൂടാടി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെയും നാട്ടുകാരുടെ സംഭാവനകളിലൂടെയുമാണ് തുക സംഭരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam