
കൽപ്പറ്റ : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ സ്‌പിൽവെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഇന്ന് രാവിലെ 8 മണിക്ക് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിടുമെന്നായിരുന്നു നേരത്ത അറിയിച്ചിരുന്നത്. എന്നാൽ മഴ കുറഞ്ഞതോടെ തീരുമാനം മാറ്റി. വീണ്ടും മഴ കനത്തതോടെയാണ് ഷട്ടർ തുറക്കുന്നത്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
നദികളിൽ മഞ്ഞ അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)
തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേരളത്തിൽ മഴ ശക്തം
ഓഗസ്റ്റ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിലും 19 ന് കാസർകോട് ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.