പുരുഷന്മാരുടെ കുത്തക ജോലിയിലേക്ക് എത്തി, നേട്ടങ്ങൾ സ്വന്തമാക്കിയപ്പോഴും കരുണ കൈവിട്ടില്ല, ‘ഓക്കേ ബീഫ് സ്റ്റാൾ’ ഉടമ റുഖിയയുടെ ഓ‍ർമയിൽ നാട്ടുകാർ

Published : Jul 23, 2025, 10:39 PM IST
rukhiya kerala first women meat vendor

Synopsis

കേരളത്തിലെ ആദ്യത്തെ വനിത അറവുകാരി എന്ന നിലക്കായിരുന്നു റുഖിയ അറിയപ്പെട്ടിരുന്നത്. തുച്ഛമായ വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായതോടെയാണ് റുഖിയ കാലിക്കച്ചവടത്തിലേക്കും അറവിലേക്കും ഇറങ്ങിയത്

കല്‍പ്പറ്റ: ഏറെ വെല്ലുവിളി നിറഞ്ഞു നിന്ന തൊഴില്‍ ഉപജീവനമാക്കി കേരളത്തില്‍ അറിയപ്പെട്ട വേറിട്ട വ്യക്തിത്വതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വയനാട് ചുണ്ടേല്‍ ഒറ്റയില്‍ റുഖിയ (66).1980-കളുടെ തുടക്കത്തിലാണ് റുഖിയ ചുണ്ടേല്‍ അങ്ങാടി കേന്ദ്രീകരിച്ച് അറവുശാല ആരംഭിക്കുന്നത്. അന്ന് കേരളത്തിലെ ആദ്യത്തെ വനിത അറവുകാരി എന്ന നിലക്കായിരുന്നു റുഖിയ അറിയപ്പെട്ടിരുന്നത്. പുലര്‍ക്കാലങ്ങളില്‍ തുടങ്ങുന്ന ജോലി ഉച്ചക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നു. ബാക്കിയുള്ള സമയം കൂടി തൊഴില്‍ ചെയ്യണമെന്ന ചിന്തയില്‍ നിന്ന് റുഖിയ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കും ഇതോടൊപ്പം മറ്റു വ്യാപാരങ്ങളിലേക്കും എത്തുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തുന്ന റുഖിയ ജീവകാരുണ്യരംഗത്തേക്ക് കൂടി എത്തിയതോടെ നിരവധി നിരാലംബരായ മനുഷ്യരെയാണ് ചേര്‍ത്തുപിടിച്ചത്. വേറിട്ട തൊഴിലെടുക്കുന്ന കഥ പത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും ജോലിയെടുക്കാനുള്ള ആത്മാര്‍ത്ഥത വര്‍ധിച്ചു വരികയായിരുന്നു. തൊഴിലിനിടെ കണ്ടെത്തുന്ന സമയങ്ങളില്‍ തന്റെ നാട്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകാനും കഴിഞ്ഞിരുന്നതായി നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടില്‍ത്തന്നെയായിരുന്നു അന്ത്യം.

ചെറിയ പ്രായത്തിലേ കുടുംബം പുലര്‍ത്താന്‍ റുഖിയ തേയിലത്തോട്ടത്തില്‍ തൊഴിലാളിയായി. തോട്ടം തൊഴിലാളിയായിരിക്കെ ലഭിച്ച തുച്ഛമായ വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായതോടെയാണ് റുഖിയ കാലിക്കച്ചവടത്തിലേക്കും അറവിലേക്കും ഇറങ്ങിയത്. 38 വര്‍ഷംമുന്‍പായിരുന്നു അത്. വീട്ടില്‍ കാലിക്കുട്ടികള്‍ കുറെയെണ്ണമുണ്ടായിരുന്നതിനെ അറവുകാരന് വിറ്റു. കുറേത്തവണ ചോദിച്ചിട്ടും പണം കിട്ടാന്‍ പ്രയാസം. അങ്ങനെയൊരിക്കല്‍ ഒരു പണിക്കാരനെയും കൂട്ടി തേയിലത്തോട്ടത്തില്‍വെച്ചുതന്നെ ഒരു കിടാവിനെ അറുത്തു എന്നാണ് റുഖിയ മുന്‍പ് താന്‍ അറവിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞത്. ആവശ്യക്കാര്‍ക്ക് വില്‍പ്പനയും നടത്തിയപ്പോള്‍ അത്യാവശ്യം തുക മിച്ചംപിടിക്കാനായി. ഇത് രണ്ടുമൂന്നുതവണ ആവര്‍ത്തിച്ചതോടെ കച്ചവടം തന്നെ തുടങ്ങാന്‍ ധൈര്യമായി. അങ്ങനെ 1989-ല്‍ ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി 'ഓക്കെ ബീഫ് സ്റ്റാളി'ന് തുടക്കം കുറിച്ചു. ബീഫ് സ്റ്റാളിനു പിന്നാലെ കാലിക്കച്ചവടത്തിലും റുഖിയ തിളങ്ങി.

2022-ലെ വനിതാ ദിനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കില) ആദരിച്ച സംസ്ഥാനത്ത 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരിക്കല്‍. കച്ചവടത്തില്‍ തിളങ്ങിയപ്പോഴും അക്കാലത്ത് സാമൂഹികമായ മാറ്റിനിര്‍ത്തലുകള്‍ ഏറെ നേരിട്ടുണ്ടെന്ന് റുഖിയ പ്രതികരിച്ചിരുന്നു. വെറും ഇരുപത് വയസ് മാത്രം പ്രായമുള്ള യുവതി പുരുഷന്‍മാര്‍ അടക്കി വാണിരുന്ന കശാപ്പ് ശാല തുടങ്ങിയപ്പോള്‍ ഇകഴ്ത്താനും പിന്തിരിപ്പിക്കാനും വിമര്‍ശനം ഉന്നയിക്കാനും ഏറെപ്പേരുമുണ്ടായി. അക്കാലത്ത് റുഖിയയെ പരിഹസിച്ചും കൂട്ടത്തില്‍ കൂട്ടാതെയും സമപ്രായക്കാരായ സ്ത്രീകള്‍ വരെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, റുഖിയയുടെ ഇച്ഛാശക്തിക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്‍പില്‍ എതിര്‍പ്പുകളെല്ലാം പിന്നീട് മാഞ്ഞു. പരേതരായ ഖാദറിന്റെയും പാത്തുമ്മയുടെയും മകളാണ് അവിവാഹിതയായ റുഖിയ. സഹോദരങ്ങള്‍: ആലി, നബീസ, കദിയുമ്മ, ആമിന, ജമീല പരേതരായ മൊയ്തീന്‍, സെഫിയ, സൗദാബീവി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ