
തൃശൂര്‍: മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. അളഗപ്പനഗര്‍ പഞ്ചായത്തിലെ വരന്തരപ്പിള്ളി കുന്നത്തുപാടം കാഞ്ഞിരത്തംകുന്നേല്‍ ജിജോ ജോണിന്റെ മകന്‍ ജോയല്‍ ജിജോയെ കുറിച്ചാണ് രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്. മകനെ കണ്ടെത്താന്‍ അടിയന്തര സഹായം തേടി കുടുംബം അധികൃതരെ സമീപിച്ചു. പാലക്കാടുള്ള ഏജന്‍സി മുഖേന ഡല്‍ഹി ആസ്ഥാനമായുള്ള അക്വാ ഓഷ്യന്‍ ഷിപ്പ് മാനേജ്‌മെന്റ് എന്ന കമ്പനിയിലാണ് ജോയലിന് ജോലി ലഭിച്ചത്. ഈ മാസം 13-ാം തീയതിയാണ് ജോയല്‍ നാട്ടില്‍നിന്നും യാത്ര തിരിച്ചത്. ഷാര്‍ജയില്‍ എത്തിയ ശേഷം 'ബ്ലാക്ക് ലെപ്പാര്‍ഡ്' എന്ന കപ്പലില്‍ ട്രെയിനി ഡെക്ക് റേറ്റിംഗ് വോസ്ഡ് ആയി ജോലിയില്‍ പ്രവേശിച്ചതായി ജോയല്‍ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല. മാര്‍ച്ച് രണ്ടാം തീയതി രാത്രിയാണ് അവസാനമായി ബന്ധപ്പെട്ടത്. ഒരു അന്താരാഷ്ട്ര നമ്പറില്‍നിന്നും വിളിച്ച് താന്‍ സുരക്ഷിതനാണെന്നും പേടിക്കേണ്ടതില്ലെന്നും ജോയല്‍ പറഞ്ഞു. യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ ഇസ്രായേല്‍ - ഇറാന്‍ അതിര്‍ത്തി പ്രദേശത്താണ് താനെന്നും, ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും ജോയല്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ അതിനുശേഷം രണ്ടാഴ്ചയായിട്ടും യാതൊരു വിവരവും ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കയിലാക്കുന്നത്. ലക്ഷങ്ങള്‍ ചെലവാക്കിയാണ് ജോയലിനെ വിദേശത്തേക്ക് ജോലിക്കായി അയച്ചത്. ആദ്യമായാണ് ഇദ്ദേഹം വിദേശത്തേക്ക് പോകുന്നത്. മകനെ തിരികെ എത്തിക്കാന്‍ സര്‍ക്കാരിന്റെയും അധികൃതരുടെയും ഇടപെടല്‍ വേണമെന്നാണ് പിതാവ് ജിജോ ജോണ്‍ അപേക്ഷിക്കുന്നത്. അളഗപ്പനഗര്‍ പഞ്ചായത്ത് അംഗം ഷൈനി ജിജോയുടെയും മുന്‍ പഞ്ചായത്ത് അംഗം ജിജോ ജോണിന്റെയും മകനാണ് 21കാരനായ ജോയല്‍ ജിജോ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam