
തൃശൂര്‍: തൃശൂരിലെ അവണൂരിൽ അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ മയൂരനാഥനെ വീട്ടിലെത്തിച്ച തെളിവെടുപ്പില്‍ പ്രതിയുടെ കൂസലില്ലായ്മയില്‍ ഞെട്ടി നാട്ടുകാരും പൊലീസും. അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ മാസങ്ങളോളം ഗൂഡാലോചന നടത്തിയെന്നാണ് മകൻ മയൂരനാഥൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. മയൂരനാഥനെ അവണൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി സ്വന്തം വീട്ടിലെത്തിച്ചപ്പോഴും മയൂരനാഥന് യാതൊരു കൂസലും ഉണ്ടായിരുന്നില്ല.
അച്ഛൻ ശശീന്ദ്രനുള്ള കടലക്കറിയിൽ വിഷം കലർത്തിയ ഇടവും ഇതിനുള്ള വിഷക്കൂട്ട് തയ്യാറാക്കിയ വീടിന്‍ മുകളിലെ നിലയിലെ മരുന്ന് പരീക്ഷണശാലയും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കാര്യങ്ങളും വിവരിച്ചു. അവണൂർ സ്വദേശി ശശീന്ദ്രനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മയൂരനാഥൻ പ്രഭാതഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്നത്. ആയുർവേദ ഡോക്ടറായ മയൂരനാഥൻ ഓൺലൈനായി വാങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക വിഷക്കൂട്ട് ഉണ്ടാക്കി കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു. 15 വർഷം മുമ്പ് മയൂരനാഥന്‍റെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ ശശീന്ദ്രൻ പുനർവിവാഹിതനായി. അന്ന് മുതൽ അച്ഛനോട് മയൂരനാഥന് കടുത്ത പകയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വീടിന് മുകളിലെ മരുന്ന് പരീക്ഷണശാലയിൽ വച്ചാണ് വിഷക്കൂട്ട് തയ്യാറാക്കിയതെന്നും അറിയിച്ചു. ശശീന്ദ്രൻ കഴിച്ചതിന് പിന്നാലെ ബാക്കിവന്ന കടലക്കറി ഭാര്യ ഗീത കറിപ്പാത്രത്തിലേക്ക് തിരിച്ച് ഒഴിച്ചിരുന്നു. ഇത് കഴിച്ച ഗീത, ശശീന്ദ്രന്റെ അമ്മ കമലാക്ഷി, അന്ന് വീട്ടിൽ തെങ്ങ് കയറാൻ വന്ന തൊഴിലാളികളായ ചന്ദ്രൻ, ശ്രീരാമചന്ദ്രൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരും കഴിച്ചിട്ടും മയൂരനാഥൻ മാത്രം അന്ന് ഭക്ഷണം കഴിക്കാതിരുന്നതാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ആദ്യം ഒഴിഞ്ഞ് മാറിയ മയൂരനാഥൻ തുടർചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam