ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരൻ പറന്നോടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതാണ്
ആലപ്പുഴ: ചെങ്ങന്നൂരിൽ യുവതി മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തിയത് പൊലീസ്. യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസ് നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളിൽ നിന്നുള്ള അനക്കം പൊലീസുകാരന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരൻ പറന്നോടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതാണ്. ഈ കുഞ്ഞിനെ പൊലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് ചെങ്ങന്നൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടി മരിച്ചുവെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്.
അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസില്‍ ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.
ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1.3 കി.ഗ്രാം മാത്രം തൂക്കമുള്ള ആൺകുട്ടിയെ ഉടന്‍ തന്നെ ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പിന്നീട് ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറന്മുള പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ അലോഷ്യസ്, ഹരീന്ദ്രൻ, എഎസ് ഐ ജയകുമാർ എന്നിവർ അടങ്ങിയ സംഘമാണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.

