
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഏറെ നാളായി മുങ്ങി നടന്ന പ്രതി കളമശ്ശേരി പൊലീസിന്‍റെ പിടിയിൽ. ഇടപള്ളി സൗത്ത് വില്ലേ് വെന്നല സെന്‍റ് മാത്യൂസ് പള്ളിക്ക് സമീപം പുറകേരിതുണ്ടി വീട്ടിൽ അൽജു (45) ആണ് പിടിയിലായത്. 2018 ഒക്ടോബറിൽ ആണ് അൽജു ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി 90 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജയിൽ വാസത്തിനിടെ ജാമ്യം ലഭിച്ച അൽജു വിചാരണ വേളയിൽ കോടതിയിൽ ഹാജരാകതെ ഒളിവിൽ പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ഇയാൾ ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങാതെ പല സ്ഥലങ്ങളിലും കറങ്ങിനടക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇയാളെ കണ്ടെത്തുന്നതിന് പൊലീസിന് തടസമായി.
ഇതിനിടയിൽ ആണ് വെണ്ണല ഭാഗത്ത് ഇയാള്‍ വന്നു പോകുന്നതായി രഹസ്യ വിവരം കിട്ടിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കളമശ്ശേരി പൊലീസ്, ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദ്ദേശപ്രകാരം എസ് ഐ വിനോജ്, എ എസ് ഐ സുനിലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ കൃഷ്ണരാജ്, വിനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, വർക്കലയിൽ മകളുടെ വിവാഹത്തലേന്ന് അച്ഛൻ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് നാട്. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് ഇന്നലെ അർദ്ധരാത്രിയോടെ വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam