പൊലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹന പരിശോധന നടത്തുന്നു എന്ന വ്യാജേന പരാതിക്കാരൻ  ഓടിച്ച് വന്ന കാർ തടയുകയായിരുന്നു

തിരുവനന്തപുരം: പൊലീസ് വേഷത്തിത്തിലെത്തി വ്യാപാരിയെ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ. സസ്പെൻഷനിൽ ഉള്ള രണ്ട് പൊലീസുകാര്‍ അടക്കം മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്. ഈ മാസം 24ന് രാത്രി ഒമ്പതരയ്ക്ക് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ചായിരുന്നു സംഭവം. പൊലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹന പരിശോധന നടത്തുന്നു എന്ന വ്യാജേന പരാതിക്കാരൻ ഓടിച്ച് വന്ന കാർ തടയുകയായിരുന്നു.

കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികൾ കൈകാണിച്ച് വാഹനം തടഞ്ഞ് നിർത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്‍റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മിൽ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോൾ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.

അവർ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കവേ പരാതിക്കാരന്‍റെ വലതുകാലിൽ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടിൽ നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന സോണി മൻസിലിൽ മുജീബ്( 43) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബെൽ ടവർ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവകളുടെയും അടിസ്ഥാനത്തിൽ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കൽ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടിൽ വിനീത്(36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ തിരുവനന്തപുരം റൂറൽ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ എട്ട് മാസങ്ങൾക്ക് മുൻപ് സസ്പെൻഷനിൽ ആവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ വെള്ളനാട് വാളിയറ അരുവിക്കുഴി സ്വദേശി അരുൺ (35) നെയും അറസ്റ്റ് ചെയ്തു.

ഈ കേസിന്‍റെ അന്വേഷണത്തിൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റകൃത്യവും നടന്നതായി തെളിഞ്ഞതായും പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഡാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ ഇളവട്ടം വെസിൽ വെള്ളൂർക്കോണം സ്വദേശി കിരൺകുമാർ (36) നെ പ്രതിയായി ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാൾ പൊന്മുടി സ്റ്റേഷനിൽ നിന്ന് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുമെന്ന് കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.

64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം; മുന്നറിയിപ്പ് അഞ്ച് ജില്ലകളിൽ, അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player