
കൊച്ചി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. കുമ്പളം ചിറ്റേഴത്ത് വിട്ടിൽ ആദിത്യൻ (19), നെട്ടൂർ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടിൽ ആശിർവാദ് (19), നെട്ടൂർ പുറക്കേലി റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ആഷ്ലി ആൻറണി (18), നെട്ടൂർ മാർക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടിൽ ആദിത്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
പനങ്ങാട് കുമ്പളം സ്വദേശിയായ 15 കാരനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്പളം റെയിൽവേ ഗേറ്റ്, നെട്ടൂർ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളിൽ വെച്ചാണ് പ്രതികൾ മർദിച്ചത്. 1000 രൂപ നൽകിയില്ലയെങ്കിൽ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ 15 കാരനെ വടി കൊണ്ട് മൃഗീയമായി അടിച്ചതായി പൊലീസ് പറയുന്നു. പിടിയിലായ കുമ്പളം സ്വദേശി ആദിത്യൻ നരഹത്യാശ്രമം, മോഷണം ,പോക്സോ കാപ്പ കേസുകളിൽ പ്രതിയും ആശിർവാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളാണ് എന്ന് പൊലീസ് പറഞ്ഞു.
എറണാകുളം അസ്സിസ്റ്റൻറ് പോലീസ് കമ്മിഷണർ പി രാജ്കുമാറിന്റെ നിർദ്ദേശാനുസരണം പനങ്ങാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ മോഹിത് റാവത്ത് ഐ.പി.എസ്, ഇൻസ്പെക്ടർ സാജു ആന്റണ്,സബ് ഇൻസ്പെക്ടർ ജിൻസൻ ഡോമനിക്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിവിൽ പൊലീസ് ഓഫീസർ മഹേഷ് കുമാർ, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam