കലക്ടര്‍ വാക്ക് പാലിച്ചു; ആര്യയ്ക്ക് പഠനത്തിന് ലാപ്ടോപ്പ്

By Web TeamFirst Published May 17, 2019, 5:23 PM IST
Highlights


അച്ഛന്‍റെ ഓര്‍മ്മ വീണ്ടെടുക്കാന്‍ രാവും പകലും അച്ഛനരികിലിരുന്ന് പാഠങ്ങള്‍ ഉറക്കെ വായിച്ച് പത്താം ക്ലാസ്സിലെ പഠനം ചികിത്സാ വിധിയായി ആര്യ മാറ്റുകയായിരുന്നു. 

കോഴിക്കോട്: ജില്ലാ കലക്ടര്‍ സാംബശിവ റാവുവില്‍ നിന്നും നേരിട്ട് ലാപ്‌ടോപ് വാങ്ങാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് പരിമിതികളോട് പോരാടി എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ ആര്യ രാജ്. രണ്ട് ദിവസം മുമ്പ് വീട്ടില്‍ വന്നപ്പോള്‍ മുന്‍പോട്ടുള്ള പഠനത്തിന് ലാപ്‌ടോപ്പ് ഏറെ സഹായകരമാകുമെന്നും അത് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആര്യ പറയുന്നു. 

മാതൃസ്‌നേഹം ചാരിറ്റബില്‍ മാനേജിംഗ് ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ പി ഷാനാണ് ആര്യക്കുള്ള ലാപ്‌ടോപ്പ് സ്‌പോണ്‍സര്‍ ചെയ്തത്. കൂടാതെ പഠനസഹായത്തിനായി സ്റ്റഡി ടേബിള്‍, കസേര എന്നിവയും നല്‍കിയിട്ടുണ്ട്. വാഹനാപകടത്തെ തുടര്‍ന്ന് ഓര്‍മകള്‍ നഷ്ടപ്പെട്ട് ഒരു ഭാഗം തളര്‍ന്നു കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി വാശിയോടെ പഠിച്ച് വിജയം നേടിയ പ്രൊവിഡന്‍സ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. 

അച്ഛന്‍റെ ഓര്‍മ്മ വീണ്ടെടുക്കാന്‍ രാവും പകലും അച്ഛനരികിലിരുന്ന് പാഠങ്ങള്‍ ഉറക്കെ വായിച്ച് പത്താം ക്ലാസ്സിലെ പഠനം ചികിത്സാ വിധിയായി ആര്യ മാറ്റുകയായിരുന്നു. തന്‍റെ നിരന്തരമായ സാന്നിധ്യവും പഠനവും അച്ഛനെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ആര്യ ഉറച്ചു വിശ്വസിച്ചതിന്‍റെ ഫലമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള എ പ്ലസ് വിജയം. 

ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും പഠന മേഖല തെരഞ്ഞെടുക്കാനും സമയം ആവശ്യമുണ്ടെന്ന് ആര്യ പറഞ്ഞു. നന്നായി പഠിക്കണമെന്നും നന്നായി ചിന്തിച്ച് തീരുമാനമെടുക്കണമെന്നും മുന്‍പോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും,  എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും യാത്രയാക്കുമ്പോള്‍ കലക്ടര്‍ ആര്യക്ക് ഉറപ്പ് നല്‍കി.

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!