പുത്തനുടുപ്പും പുസ്തകങ്ങളും; അനാഥ ബാല്യങ്ങൾക്ക് കരുത്ത് പകർന്ന് കുട്ടി പൊലീസ്

By Web TeamFirst Published Nov 18, 2020, 7:37 PM IST
Highlights

പുത്തനുടുപ്പും പുസ്തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങളാണ് കുട്ടികൾക്ക് കൈമാറിയത്. 

കോഴിക്കോട്: അനാഥ ബാല്യങ്ങൾക്ക്  കരുത്ത് പകരുന്ന കനിവിന്റെ പുതിയ പാഠങ്ങളുമായി എത്തിയ കുട്ടി പൊലീസ് വളണ്ടിയർ കോപ്പ്സ്‌  മാതൃകയായി. കോഴിക്കോട് വെള്ളി മാട് കുന്നിൽ പ്രവർത്തികുന്ന ഗവ.ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് ആവശ്യമായ വിവിധ വസ്തുക്കൾ എത്തിച്ചാണ് സ്റ്റുഡന്റ് പൊലീസ് മാതൃകയായത്. ഈ വർഷത്തെ ശിശുദിന പരിപാടികളോടുബന്ധിച്ചാണ് വ്യത്യസ്ത മായ ഈ പരിപാടി സംഘടിപ്പിച്ചത്.

പുത്തനുടുപ്പും പുസ്തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങളാണ് കുട്ടികൾക്ക് കൈമാറിയത്. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഫാൻ, പഠനോപകരണങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ല നോഡൽ ഓഫീസർ കെ അശ്വകുമാറിൽ നിന്ന് ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമാരായ അഹമ്മദ് റഷീദ്, പി ടി.സൽമ എന്നിവർ സാധനങ്ങൾ ഏറ്റു വാങ്ങി. അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ സന്തോഷ് കുമാർ, പൊലീസ് ഓഫീസർമാരായ എം രജീഷ്, ധൻരാജ്, മൈത്രൻ, സ്റ്റുഡന്റ് വളണ്ടിയർ കോപ്സ്‌ ജില്ലാ കോ-ഓർഡിനേറ്റർ കെ പി അക്ഷയ്, നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ വി അബ്ദുൽ നാസ്സർ, സി പി ഒ അബ്ദുൾസലാം  തുടങ്ങിയവർ സംസാരിച്ചു.

click me!