
കോഴിക്കോട്: ലക്ഷങ്ങള്‍ കോഴ കൊടുത്താല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം അട്ടിമറിക്കാമെന്നതിന് തെളിവാണ് കോഴിക്കോട്ടെ മഹിളാ മാള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. പാര്‍ക്കിങ്ങ് ഏരിയ അടക്കമുളള കാര്യങ്ങളില്‍ അപാകത കണ്ട് കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് മറികടക്കാന്‍ അഞ്ച് ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കെട്ടിടമുടമയുടെ സത്യവാങ്ങ്മൂലം. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി കെട്ടിട ഉടമ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മഹിളാമാൾ പദ്ധതി. 2018ലാണ് കുടുംബശ്രീയുടെ മേൽനോട്ടത്തിൽ മഹിളമാൾ എന്ന പേരിൽ ഷോപ്പിംഗ് കോംപ്ലക്സ് വരുന്നത്. ഇതിനായി കണ്ടെത്തിയത് നഗരത്തിൽ പണിപൂർത്തിയാക്കിയ ഒരു സ്വകാര്യ കെട്ടിടം. മതിയായ പാര്‍ക്കിയ ഇല്ലാതിരിക്കുക, പ്ലാനില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടിയ നിര്‍മാണം, തുടങ്ങിയ അപാകതകള്‍ കണ്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമായിരുന്നു ഇത്.
മഹിളാ മാളിന് വേണ്ടി കെട്ടിടം നൽകിയാൽ അപാകതകൾ ക്രമവത്ക്കരിക്കാമെന്ന അധികൃതുടെ ഉറപ്പിൻ മേൽ ഉടമ കെട്ടിടം വാടകക്ക് നൽകി. എന്നാല്‍10മാസത്തിനകം മാളിന്റെ പ്രവർത്തനം മുടങ്ങി. വാടകക്കുടിശ്ശികയുടെ പേരിൽ സംരംഭകരും കെട്ടിടയുടമയും തര്‍ക്കവുമായി. ഒടുവില്‍ കോടതി കയറിയപ്പോഴാണ് കളളക്കളികൾ പുറത്തുവരുന്നത്. മഹിളാമാൾ പ്രവർത്തനം തുടങ്ങാൻ മാസവാടകയായ 13ലക്ഷം രൂപയാണ് കൈക്കൂലിയായി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് കെട്ടിടമുടമ കോടതിയെ അറിയിച്ചു. ഒടുവില്‍ അഞ്ച് ലക്ഷം രൂപ നൽകിയാണ് അനുമതി നേടിയതെന്നും സത്യവാങ്ങ്മൂലത്തിലുണ്ട്.
മഹിളാ മാൾ പ്രവർത്തനം അവസാനിച്ചെങ്കിലും ക്രമവിരുദ്ധമായി നേടിയ അനുമതിയുടെ മറവിൽ ഈ കെട്ടിടത്തിൽ പുതിയ സംരംഭങ്ങൾ വീണ്ടും തുടങ്ങാനൊരുങ്ങുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ കോർപ്പറേഷൻ കെട്ടിട ഉടമക്ക് വീണ്ടും നോട്ടീസയച്ചെങ്കിലും ക്രമക്കേടുകൾ തിരുത്താനോ തുടർനടപടികൾക്കോ ഇനിയും തുടക്കമിട്ടില്ല.
ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി, ഫിനുവിന്റെ പ്ലസ് ടു വിജയാഘോഷം ഇങ്ങനെ