കടമുറിയില്‍ ചെലവാക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഇന്‍റീരിയലും കെട്ടിക്കിടക്കുന്ന സാധനങ്ങളും എല്ലാം നഷ്ടമായി.
കോഴിക്കോട്: കോഴിക്കോട്ടെ മഹിളാമാള്‍ അടച്ചുപൂട്ടാന്‍ കുടുംബശ്രീ യൂണിറ്റ് തീരുമാനമെടുത്തതോടെ ലക്ഷങ്ങളുടെ ബാധ്യതയാണ് മിക്ക വനിതാ സംരഭകര്‍ക്കും ഉണ്ടായത്. മറ്റ് ജോലികള്‍ ഉപേക്ഷിച്ചും നിലവിലുണ്ടായിരുന്ന കടകള്‍ അടച്ചുപൂട്ടിയും കുടുംബശ്രീ മാളില്‍ കട തുടങ്ങിയവരില്‍ പലരും ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ഫസ്നയുടെ കുടുംബം നാട്ടിലെ ഒരു ടൈലറിംഗ് യൂണിറ്റില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു മുന്നോട്ടുപോയത്. കുടുംബശ്രീ മാള്‍ തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും ഒരു കട തുടങ്ങി. ഇപ്പോള്‍ ലക്ഷങ്ങളുടെ കടക്കാരിയാണിവര്‍. ഫസ്നയെപ്പോലെ നിരവധി സ്ത്രീകളാണ് ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തിയത്.
കടമുറിയില്‍ ചെലവാക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഇന്‍റീരിയലും കെട്ടിക്കിടക്കുന്ന സാധനങ്ങളും എല്ലാം നഷ്ടമായി. കഴിഞ്ഞ ആഴ്ചയാണ് സംരഭകരോട് മാള്‍ ഒഴിഞ്ഞ് പോകണമെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും കാണിച്ച് നടത്തിപ്പുകാരായ കുടുംബശ്രീ യൂണിറ്റ് ഗ്രൂപ്പ് നോട്ടീസയച്ചത്.
2018 നവംബര്‍ 24 ന് ആയിരുന്നു പ്രൗഢഗംഭീരമായ ചടങ്ങില്‍ മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആകെയുണ്ടായിരുന്ന 79 കച്ചവടക്കാരായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷം പേരും ഇന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലാണ്.
