
കോഴിക്കോട്: മലയോര മേഖലകളിലെ പള്ളികളില്‍ വിശ്വാസി ചമഞ്ഞെത്തി ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഷ്ടിച്ച് കടന്നുകളയുന്നത് പതിവാക്കിയ യുവാവിനെ പിടികൂടി പൊലീസ്. കോഴിക്കോട് മുക്കം തോട്ടത്തിന്‍ കടവ് സ്വദേശി അബ്ദുല്‍ ജലീലാണ് അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ മസ്ജിദുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കളവ് നടത്തിയിരുന്നത്.
വ്യാജ നമ്പര്‍ പതിപ്പിച്ച ബൈക്കില്‍ വിശ്വാസിയെന്ന വ്യാജേനയാണ് ജലീല്‍ എത്തിയിരുന്നത്. നിസ്‌കാരത്തിന് ശേഷം തിരക്കൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് ബാറ്ററികള്‍ മോഷ്ടിച്ചിരുന്നത്. കഴിഞ്ഞ ആറു മാസമായി ഇയാള്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തുന്നുണ്ടെന്ന് മുക്കം പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇയാള്‍ സമാന രീതിയില്‍ മലയമ്മ ടൗണ്‍ ജുമാ മസ്ജിദില്‍ നിന്ന് ഇന്‍വെര്‍ട്ടറും ബാറ്ററിയും മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒടുവില്‍ ജലീല്‍ താമസിക്കുന്നത് ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു റൂമിലാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മുക്കം ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ വെച്ച് മോഷ്ടിച്ച ബാറ്ററി സഹിതം ജലീല്‍ പിടിയിലാവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam