നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ജംബുലിംഗം സുരേഷിനെ ബാലരാമപുരം പോലീസ് സാഹസികമായി പിടികൂടി. സ്ത്രീയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ, പണിതീരാത്ത ഒരു വീടിന്റെ മുകളിൽ നിന്നാണ് പോലീസ് പിടികൂടിയത്

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ജംപുലിംഗം സുരേഷ് പിടിയിൽ. ജയിൽ നിന്നും ഇറങ്ങിയ ശേഷം സ്ത്രീയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സാഹസികമായി ബാലരാമപുരം പൊലിസ് പിടികൂടിയത്. മോഷണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കണ്ണിൽ ചോരയില്ലാത്ത അക്രമിയെന്ന് പൊലിസ് വിളിക്കുന്ന ജംബുലിംഗം സുരേഷ്, നെയ്യാറ്റിൻകരയിൽ ഒരു സി ഐയെ വെട്ടിപരിക്കേൽപ്പിച്ചതിൽപ്പെടെ 40 കേസിൽ പ്രതിയായിരുന്നു. 12 വർഷത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരിയിലാണ് സുരേഷ് പുറത്തിറങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാലരാമപുരം പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ കയറി സ്ത്രീയെ ഉപദ്രവിച്ച്, മൊബൈൽ ഫോണ്‍ മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലെ അക്രമ സംഭവം.

ഒളിവിൽ കഴിഞ്ഞത് പണിതീരാത്ത വീടിന്റെ മുകളിൽ

ഈ സംഭവത്തിൽ കേസെടുത്തുവെങ്കിലും സുരേഷിനെ പിടികൂടാൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ ബാലരാമപുരത്ത് പണിതീരാത്ത ഒരു വീട്ടിന്‍റെ മുകളിൽ സുരേഷ് ഒളിവിൽ കഴിയുന്നുവെന്ന വിവരം പൊലിസിന് ലഭിച്ചു. ഇന്ന് പുലർച്ചയോടെ പൊലിസ് വീട് വളഞ്ഞു. ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയായിരുന്ന പൊലിസിന്‍റെ നീക്കം. വീടിന് മുകളിലേക്ക് ഒരു കയറിൽ പിടിച്ചാണ് സുരേഷ് കയറിയിരുന്നത്. പൊലിസും മുകളിലേക്ക് കയറിയപ്പോള്‍ സുരേഷ് വീടിന് മുകളിൽ നിന്നും ചാടി ഓടി. പൊലിസുകാർ പിന്തുടർന്ന് പിടികൂടിയാണ് സുരേഷിനെ കീഴടക്കിയത്. മോഷണവും പിടിച്ചു പറിയുമാണ് പ്രധാനമായും ചെയ്യുന്ന കുറ്റം. ഇതിനിടെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നയാളാണ് സുരേഷ്.