
കോഴിക്കോട് : കാർ യാത്രക്കാരിയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് നടപടിയെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കാർ യാത്രിക്കാരിയെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് എസ്ഐക്കും കണ്ടാലറിയാവുന്ന നാല് പേർക്കുമെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്നലെ പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുകയായിരുന്നെന്നാണ് പരാതി. തുടർന്ന് യുവാക്കൾ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി പറഞ്ഞു.യുവതി സഞ്ചരിച്ച വാഹനവും തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam