
കോഴിക്കോട്: ട്രഷറിയില്‍ നിന്നും ലഭിച്ച പെൻഷൻ തുകയായ 15,000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട ഞെട്ടലില്‍ നിന്ന വയോധികനും ഒരു ലക്ഷം രൂപ എവിടെ തിരയണം എന്നറിയാതെ പകച്ചുപോയ യുവാവിനും ഇത് മറക്കാനാവാത്ത പുതുവര്‍ഷാനുഭവം. തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്‌മാനും മൂഴിക്കലിലെ ബസ് കണ്ടക്ടറായ കൃപേഷുമാണ് രണ്ട് പേരുടെ ഇരുണ്ട നിമിഷങ്ങളിലേക്ക് സത്യസന്ധതയുടെ വെളിച്ചവുമായെത്തിയത്. കളഞ്ഞ് കിട്ടിയ പണമടങ്ങി ബാഗും കവറും ഇവർ ഉടമസ്ഥർക്ക് തിരിച്ച് നൽകി.
കഴിഞ്ഞ ദിവസം രാവിലെ തലയാട് കല്ലാനോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേയാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കലക്ഷന്‍ ഏജന്റായ റാഫിയുടെ ബാഗ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന ബാഗ് വീണുപോയതറായാതെ റാഫി യാത്ര തുടരുകയായിരുന്നു. തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്‌മാനും റോഡില്‍ നിന്ന് ബാഗ് ലഭിച്ചു. ഉടന്‍ തന്നെ ഇരുവരും ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ തുകയും ബാഗും ഏല്‍പിക്കുകയായിരുന്നു. ബാലുശ്ശേരി എസ്.ഐ പി. റഫീഖിന്റെ സാനിദ്ധ്യത്തില്‍ ഇത് റാഫിക്ക് കൈമാറി. നിറഞ്ഞ കണ്ണുകളോടെയാണ് റാഫി പണം ഏറ്റ് വാങ്ങിയത്. കമ്പനിയുടെ പണമാണെന്നും നഷ്ടപ്പെട്ടിരുന്നെങ്കിൽ താൻ വലിയ പ്രതിസന്ധിയിലായേനെ എന്നും റാഫി പറഞ്ഞു.
സിറ്റി-വെള്ളിമാട്കുന്ന് റൂട്ടിലോടുന്ന കാവ്യ ബസ്സിന്റെ ഉടമയും കണ്ടക്ടറും കൂടിയായ കൃപേഷിന് രാവിലെ ഓട്ടത്തിനിടയിലാണ് ബസ്സില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയില്‍ 15000 രൂപയും പെന്‍ഷന്‍ രേഖകളും ലഭിച്ചത്. ഉടന്‍ തന്നെ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും കോഴിക്കോട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റില്‍ തുകയും രേഖകളും ഏല്‍പിക്കുകയുമായിരുന്നു. വൈകീട്ടോടെ വിവരം അറിഞ്ഞ് ഇവിടെയെത്തിയ വയോധികനായ ഉടമ ട്രാഫ്ക് എസ്.ഐ സജിതയുടെ സാനിദ്ധ്യത്തില്‍ ഇവ ഏറ്റുവാങ്ങി. ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ തുക വാങ്ങി മടങ്ങുന്നതിനിടയില്‍ അത് ബസ്സില്‍ മറന്നുവെക്കുകയായിരുന്നു. ഇതിന് മുന്‍പും സമാന രീതിയില്‍ ബസ്സില്‍ നിന്ന് ലഭിച്ച തുക കൃപേഷ് ഉടമക്ക് തിരികെ നല്‍കിയിട്ടുണ്ട്.
Read More : 'വെടിയുണ്ടകൾ തോക്കുമായി മാച്ച് അല്ല'; ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബത്തിന്‍റെ മരണം കൊലപാതകം ? അന്വേഷണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam