Latest Videos

പ്രവാസിയായ ഹാഷിറിനൊരു അത്ഭുതലോകമുണ്ട്! ആറാം ക്ലാസിൽ തുടങ്ങിയ പ്രണയം; കണ്ടവരെല്ലാം ആശ്ചര്യപ്പെട്ടുപോയൊരു 'ഹോബി'

By Vinod MadathilFirst Published Feb 27, 2023, 9:52 PM IST
Highlights

ഷാർജയിലെ കഫ്റ്റീരിയയിലെ ജോലിത്തിരക്കിനിടയിലും ഹാഷിർ വിവിധരാജ്യങ്ങളിൽ നിന്നുള്ള കറൻസികളും നാണയങ്ങളും ശേഖരിക്കുക എന്ന ദൗത്യം ജീവിത വ്രതമാക്കിയിരിക്കുകയാണ്

കോഴിക്കോട്: ലോകത്തുള്ള എല്ലാ രാജ്യങ്ങളുടെയും കറൻസിയും നാണയങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടോ. ഈ ജീവിതത്തിൽ അവയെല്ലാം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ. ഇല്ല എന്ന് മറുപടി പറയാൻ വരട്ടെ. കോഴിക്കോട് വാണിമേൽ ചേലമുക്ക് നീളംപറമ്പത്ത് ഹാഷിർ എന്ന പ്രവാസിയായ 33 കാരൻ നിങ്ങളെ അതിന് അനുവദിക്കില്ല. ലോകത്ത് ഔദ്യോഗികമായ 195 രാജ്യങ്ങളാണുള്ളത്. ഈ എല്ലാ രാജ്യങ്ങളുടെയും കറൻസിയും നാണയങ്ങളും താൻ നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് ഹാഷിർ പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടും. വീട്ടിലെത്തി ശേഖരം കാണുന്നതോടെ ഏവരും മൂക്കത്ത് വിരൽ വെച്ച് ആശ്ചര്യപ്പെടും. നിലവിലുള്ള രാജ്യങ്ങൾക്ക് പുറമെ പേര് മാറിയ രാജ്യങ്ങൾ, ലയിച്ച രാജ്യങ്ങൾ, ഇല്ലാതായ രാജ്യങ്ങൾ, ലോകനേതാക്കളെ ആലേഖനം ചെയ്ത രാജ്യങ്ങൾ തുടങ്ങിയ വ്യത്യസ്ഥങ്ങളായ അയ്യായിരത്തിൽ പരം കറൻസിയും നാണയങ്ങളും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ഷാർജയിലെ കഫ്റ്റീരിയയിലെ ജോലിത്തിരക്കിനിടയിലും ഹാഷിർ വിവിധരാജ്യങ്ങളിൽ നിന്നുള്ള കറൻസികളും നാണയങ്ങളും ശേഖരിക്കുക എന്ന ദൗത്യം ജീവിത വ്രതമാക്കുകയാണ്.

വാരനാട്‌ ക്ഷേത്രത്തിൽ ഗാനമേളക്കിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? സംശയങ്ങളെല്ലാം ദുരീകരിച്ച് വിനീത് ശ്രീനിവാസൻ

വൈവിധ്യ ശേഖരം

1874 ൽ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ഉപയോഗിച്ച കറൻസി, പാക്കിസ്ഥാനും ബംഗ്ലാദേശും ഒന്നായിരുന്ന കാലത്തെ കറൻസി, യു എ ഇയും ഖത്തറും ഒരു രാജ്യമായിരുന്ന കാലത്ത് ഉപയോഗിച്ച കറൻസി, യു എ ഇയിൽ ഒരു കാലത്ത് ഇന്ത്യൻ നോട്ട് വിനിമയത്തിന് ഉപയോഗിച്ചു എന്നതിന്‍റെ തെളിവായുള്ള രണ്ട് രൂപ കറൻസി, പോർച്ചുഗ്രീസുകാർ ഉപയോഗിച്ച അൾട്രാ മറീന കറൻസി, ഇന്ത്യയും യു എ ഇയും ഇറക്കിയ മുഴുവൻ കറൻസി സീരിസികളും ഹാഷിർ ശേഖരിച്ചിട്ടുണ്ട്. യു എ ഇ ഇറക്കിയ പൊളിമർ നോട്ടുകൾ, ഇറാക്കിലെ സദാം ഹുസൈന്‍റെ ചിത്രം ആലേഖനം ചെയ്ത കറൻസികൾ, ഖത്തർ വേൾഡ് കപ്പിന് ഖത്തർ, റക്ഷ്യ, ഫിജി തുടങ്ങിയ രാജ്യങ്ങൾ ഇറക്കിയ കറൻസികൾ. കൊറിയ, സയർ എന്നീ രാജ്യങ്ങളിലെ അൺ കട്ട് നോട്ടുകൾ, നിർമ്മാണത്തിൽ അപാകത സംഭവിച്ച ഇന്ത്യയുടെ ഒരു രൂപ കോയിൻ, 786 ൽ അവസാനിക്കുന്ന നമ്പറുള്ള ഇന്ത്യൻ കറൻസികൾ, ഇന്ത്യയിൽ ഇറങ്ങിയ ഏകദേശം മുഴുവൻ നോട്ടുകളും കറൻസികളും പലയിടങ്ങളിൽ നിന്നായി ഹാഷി‍ർ തന്‍റെ ശേഖരത്തിലെത്തിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും മൂല്യമുള്ള കറൻസി കുവൈറ്റിലെ ദിനാറും ഏറ്റവും മൂല്യം കുറഞ്ഞത് വെനസ്വല കറൻസിയും ഹാഷിർ സ്വന്തമാക്കിയിട്ടുണ്ട്. ഒരു ദിനാറിന് ഏകദേശം ഇന്ത്യയുടെ 200 രൂപയുടെ മൂല്യമുള്ളപ്പോൾ വെനസ്വലയുടെ ഒരു ലക്ഷം കറൻസിയ്ക്ക് ഇന്ത്യയുടെ ഒരു രുപയുടെ മൂല്യമാണുള്ളത്. അണ, കാശ്, ഓട്ടമുക്കാൽ, ബ്രിട്ടീഷ് നാണയം, വിക്റ്റോറിയ നാണയം, കല്ല് നാണയം, വെള്ളി നാണയം, ഇന്ത്യയിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ 40 തരം രണ്ട് രൂപ നോട്ടുകൾ, ഇന്ത്യൻ നേതാക്കളെ ആലേഖനം ചെയ്ത നോട്ടുകളും നാണയങ്ങളും, വിവിധ രാജ്യങ്ങളിലെ ഫാൻസി നമ്പർ കറൻസികൾ, ഇന്ത്യയിൽ നിരോധിച്ച നോട്ടുകൾ തുടങ്ങിയവയും ശേഖരത്തിലുണ്ട്.

ആറാം ക്ലാസിൽ തുടക്കം

വാണിമേൽ എം യു പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹാഷിർ കറൻസിയെയും നാണയങ്ങളെയും പ്രണയിച്ച് തുടങ്ങുന്നത്. അന്ന് സ്കൂളിൽ നടന്ന പ്രദർശനത്തിൽ ഹാഷിർ വിദേശത്തുണ്ടായിരുന്ന അമ്മാവനായ നരിക്കാട്ടേരി ചെട്ട്യാംവീട്ടിൽ ഹമീദ് നൽകിയ പത്ത് ഗൾഫ് കോയിനുമായാണ് പങ്കെടുത്തത്. ഹാഷിറിന് നാണയ ശേഖരത്തിൽ തത്പര്യം ഉണ്ടെന്നറിഞ്ഞതോടെ ഹമീദ് ആ നാണയങ്ങൾ തിരിച്ച് വാങ്ങിയില്ല. അങ്ങനെയാണ് ഹാഷിർ കറൻസിയും നാണയങ്ങളും ശേഖരിക്കുന്ന ഹോബിയിലേക്ക് സജീവമാകുന്നത്. 2007 ൽ ഗൾഫിലെത്തിയതോടെ തന്‍റെ ആഗ്രഹ സാഫല്യം വളരെ പെട്ടെന്ന് സാധ്യമാക്കാൻ ഇദ്ദേഹത്തിനായി.

വിനോദ സഞ്ചാരകേന്ദ്രമായ ഷാർജയിലെ റോളയിലെത്തുന്ന വിവിധരാജ്യങ്ങളിൽനി ന്നുള്ള വിനോദസഞ്ചാരികളെ ഹാഷിർ സ്നേഹപൂർവം സ്വീകരിക്കും. പിന്നീട് അവരെ തന്‍റെ ശേഖരത്തിലുള്ള വിവിധ കറൻസികളും നാണയങ്ങളും കാണിക്കും. അവരുടെ താത്പര്യം നോക്കി സംസാരിക്കും. കറൻസികളും നാണയങ്ങളുമുണ്ടോയെന്ന് ഒരു മടിയുമില്ലാതെ ചോദിക്കും. ഇത്തരത്തിൽ പതിനഞ്ച് വർഷമായി പ്രവാസജീവിതത്തിന്‍റെ പ്രധാന സമയവും വരുമാനവും വൈവിധ്യങ്ങളായ കറൻസികളും നാണയങ്ങളും സ്വന്തമാക്കാനായി ഇദ്ദേഹം ചെലവഴിച്ചു. നാട്ടിലെത്തിയാൽ മുതിർന്നവരെ സന്ദർശിച്ച് മതിപ്പ് വില നൽകി നാണയങ്ങളും കറൻസികളും ഇദ്ദേഹം സമ്പാദിക്കും. 65 കിലോഗ്രാമിലേറെ നാണയങ്ങൾ മാത്രം ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്.

ശേഖരം ഇനിയും വിപുലപ്പെടുത്തണം

വ്യത്യസ്തകളാൽ സമ്പന്നമായ തന്‍റെ കറൻസി നാണയ ശേഖരം ഇനിയും വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹാഷിർ. ഓരോ രാജ്യങ്ങളിലെയും എല്ലാ തരം  കറൻസികളും സംഭരിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. ഇതിനകം 40 രാജ്യങ്ങളിലെ എല്ലാ തരം കറൻസികളും സമാഹരിച്ച് ആൽബമാക്കി കഴിഞ്ഞു ഹാഷിർ. ലക്ഷങ്ങളാണ് തന്‍റെ  ഹോബിയായ കറൻസികളും നാണയങ്ങളും സ്വന്തമാക്കാനായി ഇദ്ദേഹം മാറ്റിവെച്ചത്. നാട്ടിലെത്തിയാൽ സാമൂഹ്യ സേവന രംഗത്തും ഹാഷിർ സജീവമാണ്. വിപുലമായ എക്സിബിഷൻ നടത്താനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. തന്‍റെ അഗ്രഹത്തിന് വീട്ടുകാരുടെ എല്ലാ പിന്തുണയുണ്ടെന്നും ഹാഷിർ പറയുന്നു. ചേലമുക്കിലെ നീളംപറമ്പത്ത് അന്ത്രുക്കുട്ടിയുടെയും സുലൈഖയുടെയും മകനാണ്. സാജിത ഭാര്യയും ഹാമിദ് യാസീൻ, മുഹമ്മദ് ഹംദാൻ എന്നിവർ മക്കളുമാണ്.

click me!