തെരുവ് ഗായകൻ ബാബു ഭായിയുടെ ജീവിതം വഴിമുട്ടിച്ച് പൊലീസ്; തെരുവുകളില്‍ പാടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

By Web TeamFirst Published Sep 30, 2022, 10:36 PM IST
Highlights

തെരുവില്‍ പാടാനെത്തുമ്പോള്‍ പൊലീസ് ആട്ടിയോടിക്കുകയാണെന്നാണ് ബാബു ഭായി പറയുന്നത്. ഇനി തെരുവില്‍ പാടിയാല്‍ വാദ്യോപകരണങ്ങള്‍ നശിപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ബാബു ഭായി പറഞ്ഞു.

കോഴിക്കോട്: തെരുവ് ഗായകന്‍ ബാബു ഭായിയെ കോഴിക്കോട്ടെ തെരുവുകളില്‍ പാടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. തെരുവില്‍ പാടാനെത്തുമ്പോള്‍ പൊലീസ് ആട്ടിയോടിക്കുകയാണെന്നാണ് ബാബു ഭായി പറയുന്നത്. ഇനി തെരുവില്‍ പാടിയാല്‍ വാദ്യോപകരണങ്ങള്‍ നശിപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ബാബു ഭായി പറഞ്ഞു.

ഗുജറാത്തിൽ തുടങ്ങി പല വഴി അലഞ്ഞ് ഒടുവിൽ പാട്ടിന്‍റെ സ്വന്തം നഗരത്തിൽ തന്നെ ബാബു ഭായി എത്തപ്പെട്ടുകയായിരുന്നു. മിഠായി തെരുവില്‍, മാനാഞ്ചിറയില്‍, പുതിയ ബസ്സ്റ്റാന്‍റില്‍ എന്തിന് പറയുന്നു തന്‍റെ ആലാപനവുമയായി ഗള്‍ഫ് രാജ്യങ്ങളില്‍ വരെ എത്തിയിട്ടുണ്ട് ബാബു ഭായി. ഭാര്യ ലതയുടെ ഹാര്‍മോണിയത്തില്‍ ലയിച്ച് മണിക്കൂറുകളോളം ബാബു ഭായി തെരുവുകളില്‍ പാടും. ഇങ്ങനെ പാടി കിട്ടുന്ന ചില്ലറത്തുട്ടുകള്‍ കൊണ്ടാണ് തന്‍റെ ഏഴ് മക്കളടങ്ങുന്ന കുടുംബത്തിന്‍റെ ജീവിതം ബാബു ഭായി കരുപ്പിടുപ്പിച്ചത്. നാല്‍പ്പത് വര്‍ഷത്തോളമായി ഇവര്‍ കോഴിക്കോടിന്‍റെ തെരുവുകളിലുണ്ട്. ഇപ്പോള്‍ കോഴിക്കോട്ടെ തെരുവില്‍ പാടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ബാബു ഭായി പറയുന്നു. അസുഖ ബാധിതരായതിനാല്‍ ബാബു ഭായിക്ക് മറ്റു ജോലിക്ക് പോകാനും സാധിക്കുന്നില്ല.

പൊലീസിന്‍റെ നടപടിക്കെതിരെ പരാതിയുമായി കളക്ടറുടെ അടുത്ത് വരെ പോയെങ്കിലും തെരുവുകളില്‍ പാടാന്‍ വിലക്കൊന്നുമില്ല എന്നായിരുന്നു മറുപടി. പക്ഷേ പാട്ട് തുടങ്ങിയാലുടന്‍ പൊലീസെത്തുമെന്ന് ബാബു ഭായി വേദനയോടെ പറയുന്നു. ഗുജറാത്തിലാണ് വേരുകളെങ്കിലും പണ്ടേ കോഴിക്കോട്ടുകാരനായതാണ് ബാബു ഭായ്. സംഗീതത്തെ ഇത്ര മേല്‍ സ്നേഹിക്കുന്ന കോഴിക്കോടെന്ന നഗരത്തില്‍ പാടാനവസരം തേടി മേയറെ സമീപിക്കൊനൊരുങ്ങുകയാണ് ഈ ഗായകന്‍. നവീകരണത്തിന് ശേഷം മിഠായി തെരുവില്‍ പരിപാടികള്‍ക്ക് വിലക്കുള്ളതിനാലാണ് പാടാന്‍ അനുവദിക്കാത്തതെന്നും മറ്റിടങ്ങളില്‍ വിലക്കില്ലെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Also Read: കോഴിക്കോട്ട് ഡോക്ടറെ വിദ്യാർത്ഥി സംഘം കയ്യേറ്റം ചെയ്തെന്ന് പരാതി, ഡോക്ടർക്കെതിരെയും കേസ്

click me!